‘വീട്ടിൽപ്പോയി ചോദിച്ചാൽ മതി’ സ്വാഭാവിക പ്രതികരണം: പൊതുയോഗത്തിൽ പാലിക്കേണ്ട മര്യാദകളുണ്ട്; പിണറായി

ഇടുക്കി: ‘വീട്ടിൽപ്പോയി ചോദിച്ചാൽ മതി’ പ്രതികരണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുയോഗത്തിൽ പാലിക്കേണ്ട മര്യാദകളുണ്ടെന്നും ആ മര്യാദ പാലിക്കാതിരുന്നാൽ പ്രതികരണവും സ്വാഭാവികമായി അതിനനുസരിച്ചാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
”സാധാരണ ഓരോ കാര്യത്തിലും പാലിക്കേണ്ട മര്യാദകളുണ്ട്. ആ മര്യാദ പാലിക്കാതിരുന്നതാൽ പ്രതികരണവും സ്വാഭാവികമായും അതിനനുസരിച്ചാകും. അവിടെ ആരെങ്കിലും എൽഡിഎഫിനെ എതിർക്കാൻ വേണ്ടിവന്നവരല്ല. പിന്നെ ചില ഘട്ടത്തിൽ ചില പ്രത്യേക ആവേശക്കാരുണ്ടാകുമല്ലോ. പലതരത്തിലാണല്ലോ ആവേശംവരിക. ആ ആവേശത്തിന്റെ ഭാഗമായി ചോദിച്ച ചോദ്യമാണ്.
പത്രസമ്മേളനമല്ലല്ലോ, പൊതുയോഗം. നിങ്ങളെല്ലാം പൊതുയോഗത്തിന്റെ മുന്നിലിരുന്ന് ചോദ്യംചോദിക്കുമോ. അങ്ങനെ ചോദിച്ചാൽ കിട്ടുന്ന മറുപടിയും അങ്ങനെയായിരിക്കും. അത് സ്വാഭാവികമല്ലേ. പൊതുയോഗത്തിന് പൊതുയോഗത്തിന്റേതായ മര്യാദയുണ്ട്. പൊതുയോഗത്തിൽ ആരോ സംസാരിക്കട്ടേ, ഇഷ്ടമില്ലാത്തവർ കേൾക്കണ്ട, പോകണം. ഇഷ്ടമുള്ളവർ കേട്ടാൽമതിയല്ലോ”, മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു കഴിഞ്ഞദിവസം കോന്നിയിലുണ്ടായ വിവാദപരാമർശത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകിയത്. തന്റെ സമനില തെറ്റിയെന്ന് ആരോപിച്ച കെ.സി. വേണുഗോപാലിനും അദ്ദേഹം വാർത്താസമ്മേളനത്തിൽ മറുപടി നൽകി. തനിക്ക് സമനില തെറ്റേണ്ട കാര്യമൊന്നും ഇല്ലെന്നും സമനില തെറ്റുന്നത് ആർക്കാണെന്ന് ആളുകൾ നല്ലവണം കണ്ടുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പൊതുമര്യാദയൊന്നും പാലിക്കേണ്ടതില്ലെന്ന് കെസി വേണുഗോപാലിന് തോന്നിയിട്ടുണ്ടെങ്കിൽ നല്ലതുതന്നെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസമാണ് കോന്നിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിടെ മുഖ്യമന്ത്രിയുടെ വിവാദപ്രതികരണമുണ്ടായത്. പ്രസംഗത്തിനിടെ സദസ്സിൽനിന്ന് ഒരാൾ ചോദ്യം ചോദിക്കാനൊരുങ്ങിയപ്പോൾ ‘അത് വീട്ടിൽപ്പോയി ചോദിച്ചാൽ മതി’യെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കോന്നി അട്ടച്ചാക്കൽ ഈസ്റ്റ്മുക്ക് സ്വദേശി ദാസ് പി. ജോർജ് ആണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞതെന്ന് പിന്നീട് കണ്ടെത്തി. വികസനത്തെക്കുറിച്ചാണ് മുഖ്യമന്ത്രിയോട് ചോദിക്കാനിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിവാദപ്രതികരണത്തിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിലുണ്ടായ വിവാദങ്ങളൊന്നും ദാസ് പി. ജോർജ് അറിഞ്ഞിരുന്നില്ല.

