ഇനി സഹായമില്ല, എണ്ണ വേണമെങ്കിൽ സ്വയം ഹോർമുസ് പിടിച്ചെടുത്ത് സ്വന്തമാക്കുക; താക്കീതുമായി ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോട് ധൈര്യം സംഭരിച്ച് എണ്ണ ലഭ്യത സ്വന്തമായി ഉറപ്പുവരുത്താനാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ എണ്ണ-പാചകവാതകം ആവശ്യകതയുടെ 20 ശതമാനം കടന്നുപോകുന്ന പ്രധാന ജലപാത ഫെബ്രുവരി 28ന് ഇറാനെതിരെ നടത്തിയ യുഎസ്-ഇസ്രയേൽ സംയുക്താക്രമണങ്ങളെയും ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളെയും തുടർന്ന് തടസ്സപ്പെട്ടിരിക്കുകയാണ്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ശ്രമങ്ങളിൽ സഹകരിക്കാൻ ട്രംപ് രാജ്യങ്ങളോട് നാളുകളായി ആവശ്യപ്പെടുന്നു. ഈ കടലിടുക്കിലൂടെയാണ് എണ്ണയും വാതകവും വഹിക്കുന്ന കപ്പലുകൾ ഇറാനിയൻ പ്രൊജക്റ്റൈലുകളുടെ ലക്ഷ്യമായിരിക്കുകയാണ്.
യുഎസ് സൈന്യത്തിലെ 82-ാം എയർബോൺ വിഭാഗത്തിലെ ആയിരക്കണക്കിന് സൈനികർ പശ്ചിമേഷ്യയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം, 2,500 യുഎസ് മറീനുകൾ ഇതിനകം എത്തിച്ചേർന്നിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി മാസം 28-ാം തീയതി ആരംഭിച്ച യുഎസ്, ഇസ്രയേൽ-ഇറാൻ സംഘർഷം ഒരുമാസം പിന്നിട്ടിട്ടും ശമനമില്ലാതെ തുടരുകയാണ്.

