KSDLIVENEWS

Real news for everyone

നിസ്സഹായം, പരിഭ്രാന്തം’: ട്രംപിന്റെ അസഭ്യം നിറഞ്ഞ അന്ത്യശാസനം തള്ളി ഇറാൻ

SHARE THIS ON

ടെഹ്റാൻ: ഹോര്‍മൂസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ എല്ലാവർക്കുമായി തുറക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം (ultimatum) തള്ളി ഇറാൻ. ട്രംപിന്റെ അന്ത്യശാസനത്തെ ‘നിസ്സഹായ’മെന്നും ‘പരിഭ്രാന്ത’മെന്നും ഇറാൻ വിശേഷിപ്പിച്ചു. കഴിഞ്ഞ ദിവസം അന്ത്യശാസനം പ്രഖ്യാപിച്ച് ട്രംപ് തന്റെ സോഷ്യൽ മീഡിയ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പോസ്റ്റ് അസഭ്യം നിറഞ്ഞതായിരുന്നു. ഇത് വ്യാപക ചർച്ചയാകുന്നതിനിടയിലാണ് ഇറാൻ യുഎസ് പ്രസിഡന്റിന്റെ ആവശ്യത്തെ തള്ളി രംഗത്തെത്തുന്നത്.

ട്രംപിന്റെ അന്ത്യശാസനം യുദ്ധക്കുറ്റത്തിനുള്ള ആഹ്വാനമാണെന്ന് ഇറാൻ പ്രസ്താവിച്ചു. ഹോർമൂസ് കടലിടുക്ക് ഇനിയൊരിക്കലും മുമ്പത്തേതു പോലെയാകില്ലെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഫോഴ്സ് പ്രഖ്യാപിച്ചു. “ഹോർമൂസ് കടലിടുക്ക് ഇനിയൊരിക്കലും പഴയതു പോലെയാകില്ല, പ്രത്യേകിച്ച് ഇസ്രായേലിനും യുഎസിനും,” ഐആർജിഎസി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഗൾഫിനെ ഒരു പുതിയ ക്രമത്തിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകളുടെ അവസാന ഘട്ടത്തിലാണ് തങ്ങളെന്നും ഇറാൻ സൈന്യം പറഞ്ഞു. ഹോർമൂസിലെ പ്രധാന ജലപാതയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഗതാഗത ഫീസ് ചുമത്തുന്നതിനുള്ള കരട് നിയമനിർമ്മാണത്തിന് ഇറാനിയൻ പാർലമെന്ററി കമ്മിറ്റി അംഗീകാരം നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രസ്താവന വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇറാന്റെ ദേശീയ കറൻസിയിൽ വേണം ഈ ഫീസ് അടയ്ക്കാൻ. യുഎസിനും ഇസ്രായേലിനും ഈ പാതയിൽ ഗതാഗത നിരോധനം ഉണ്ടായിരിക്കും. ഇറാനെതിരെ ഏകപക്ഷീയമായ ഉപരോധങ്ങളിൽ പങ്കെടുക്കുന്ന രാജ്യങ്ങൾക്ക് ഹോർമൂസിൽ നിയന്ത്രണം വരും.

അതെസമയം ഇറാനിൽ ഇസ്രായേലും യുഎസും നടത്തുന്ന ആക്രമണങ്ങൾ ശക്തമായി തുടരുകയാണ്. നിലവിൽ ഇറാനിലെ ആശുപത്രികളെയും സർവകലാശാലകളെയുമാണ് രണ്ട് സൈന്യങ്ങളും ലക്ഷ്യമാക്കുന്നതെന്നാണ് റിപ്പോർട്ട്. ഇറാന്റെ പെട്രോകെമിക്കൽ സ്ഥാപനങ്ങൾക്കു നേരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർ‌ക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇറാന്റെ ഒരു മിസൈൽ ഇസ്രായേലിലെ ഒരു കെട്ടിടത്തിൽ പതിക്കുകയും കുറച്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാലുപേരെ കാണാതായതായി ഇസ്രായേലി സോഷ്യൽ മീഡിയയെ ഉദ്ധരിച്ച് ചില റിപ്പോർട്ടുകൾ പറയുന്നു. ഗൾഫ് മേഖലയിലെ ആക്രമണങ്ങൾ ഇറാൻ തുടരുകയാണ്. ഗൾഫിലെ ഊർജ്ജ പ്ലാന്റുകളെയാണ് ഇറാൻ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞദിവസം ബഹ്റൈനിലെ ബാപ്കോ പ്ലാന്റിൽ ഒരു മിസൈൽ വീഴുകയും ഇന്ധനടാങ്ക് പൊട്ടിത്തെറിക്കുകയും ചെയ്തു. കുവൈത്തിലെ ഡിസാലിനേഷൻ പ്ലാന്റുകൾക്കു നേരെയും, എണ്ണ പ്ലാന്റുകൾക്ക് നേരെയും ആക്രമണമുണ്ടായി.

ലെബനണില്‍ ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നു. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളിൽ കുറഞ്ഞത് 15 പേർ മരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ട്. ജനവാസകേന്ദ്രങ്ങളിലാണ് ആക്രമണങ്ങൾ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!