“മുനാഫിക്” വിളി: ലീഗ് നേതൃത്വം മൗനം വെടിയണം; പി.ഡി.പി

കാസർഗോഡ്: കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഷാനവാസ് പാതൂറിനെ “മുനാഫിക്” എന്ന് പരസ്യമായി വിളിച്ചും അതിനെ ന്യായീകരിച്ചും രംഗത്തെത്തിയ വനിതാ ലീഗ് നേതാവിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധവുമായി പിഡിപി. വിഷയത്തിൽ ലീഗ് നേതൃത്വം ഉടൻ പ്രതികരിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് പിഡിപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എസ്. എം. ബഷീർ അഹമ്മദ് ആവശ്യപ്പെട്ടു.
ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുപ്പുകൾ ആശയപരമായ പോരാട്ടത്തിനായിരിക്കണം. വ്യക്തിപരമായ അധിക്ഷേപങ്ങളും മതപരമായ ലേബലുകളും ഉപയോഗിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മതവിശ്വാസങ്ങളെയും വിശുദ്ധ ഗ്രന്ഥങ്ങളെയും തെരഞ്ഞെടുപ്പ് ലാഭത്തിനായി ഉപയോഗിക്കുന്നത് സമൂഹത്തിൽ അനാവശ്യ ഭിന്നതകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവാദ പ്രസംഗം നടത്തിയ വേദിയിൽ തന്നെ പരിശുദ്ധ ഖുർആനെ ഇഷ്ടാനുസൃതമായി വ്യാഖ്യാനം ചെയ്യാൻ ശ്രമിച്ചതും അതീവ ഗുരുതരമായ വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവണതകൾ മതത്തിന്റെ പേരിൽ വോട്ടു ധ്രുവീകരിക്കാൻ നടത്തുന്ന അപകടകരമായ നീക്കങ്ങളാണെന്നും, ഇത് കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വ്യക്തിക്കെതിരായ ആക്രമണമെന്നതിലുപരി, ഒരു സമുദായത്തെ മുഴുവൻ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണിതെന്ന് അദ്ദേഹം ആരോപിച്ചു. അതിനാൽ ബന്ധപ്പെട്ട വനിതാ നേതാവിനെതിരെ ലീഗ് നേതൃത്വം വ്യക്തമായ നടപടി സ്വീകരിക്കണമെന്നും, ഇത്തരം പ്രസ്താവനകളെ തുറന്നടിച്ച് തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കാലത്ത് പരസ്പര ബഹുമാനവും സഹിഷ്ണുതയും പാലിക്കേണ്ടത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്തമാണ്. ആശയങ്ങളും വികസനവും അടിസ്ഥാനമാക്കി വോട്ട് അഭ്യർത്ഥിക്കേണ്ടിടത്ത്, വ്യക്തിഹത്യയും മതവിഭജനവും പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യ ഘടനയെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വർഗീയ ധ്രുവീകരണത്തിനും ഫാസിസ്റ്റ് രാഷ്ട്രീയത്തിനും വഴിയൊരുക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായ ഷാനവാസ് പാതൂറിനാണ് പിഡിപി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വിജയത്തിനായി ജനാധിപത്യ വിശ്വാസികൾ കൈകോർക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു

