ഇസ്രയേലില്‍ ശക്തമായ ഭൂചലനം; വടക്കന്‍ മേഖലയില്‍ കനത്ത ജാഗ്രത

തെല്‍ അവീവ്: മാസങ്ങളായി തുടരുന്ന യുദ്ധക്കെടുതികള്‍ക്കിടയില്‍ ഇസ്രയേലിനെ വിറപ്പിച്ച് ശക്തമായ ഭൂചലനം. ഞായറാഴ്ച രാത്രി ലബനന് തീരത്തുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം ഇസ്രയേലിന്റെ വടക്കന്‍ മേഖലകളില്‍ വ്യാപകമായി അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയത്.
യുദ്ധകാലത്തെ വ്യോമാക്രമണങ്ങളാണെന്ന് കരുതി ഹൈഫ, നഹാരിയ, അക്കോ തുടങ്ങിയ നഗരങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തരായി. മിസൈല്‍ ആക്രമണങ്ങള്‍ പതിവായ മേഖലയില്‍ പെട്ടെന്നുണ്ടായ കുലുക്കം വന്‍ ആശങ്കയ്ക്ക് കാരണമായി. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന പ്രകമ്പനത്തിനിടെ കെട്ടിടങ്ങളില്‍ നിന്നും ഫ്ലാറ്റുകളില്‍ നിന്നും ആളുകള്‍ പ്രാണരക്ഷാര്‍ത്ഥം തെരുവുകളിലേക്ക് ഓടിയിറങ്ങി.
ലബനന് തീരമായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെങ്കിലും ഇസ്രയേലിലോ ലബനാനിലോ നിലവില്‍ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടല്‍ത്തീരത്തുണ്ടായ ഭൂചലനമായതിനാല്‍ സുനാമി സാധ്യതയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നെങ്കിലും അത്തരമൊരു ഭീഷണി നിലവിലില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. കനത്ത യുദ്ധസാഹചര്യത്തിലൂടെ കടന്നുപോകുന്ന വടക്കന്‍ ഇസ്രയേലില്‍ രാത്രിയുണ്ടായ ഈ പ്രകൃതിക്ഷോഭം ജനങ്ങളുടെ മാനസികാവസ്ഥയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്….

