വേണ്ടത് സമ്പൂര്‍ണ യുദ്ധവിരാമം: വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് മറുപടി നല്കി ഇറാന്

തെഹ്റാന്: താത്കാലിക വെടിനിര്‍ത്തലിനായി യുഎസ് മുന്നോട്ട് വെച്ച നിര്‍ദേശം തള്ളി ഇറാന്. തങ്ങളുടെ പ്രതികരണം മധ്യസ്ഥ ഇടപെടല്‍ നടത്തുന്ന പാകിസ്താന് ഇറാന് ഔദ്യോഗികമായി കൈമാറി. സമ്പൂര്‍ണ യുദ്ധവിരാമം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഇറാന് വ്യക്തമാക്കി. യുദ്ധത്തില്‍ തകര്‍ന്നവയുടെ പുനര്‍ നിര്‍മ്മാണവും ഉചിതമായ നഷ്ടപരിഹാരവും വേണമെന്നും ഇറാന് ആവശ്യപ്പെടുന്നു.
ഹോര്‍മുസിന് മേലുള്ള പരമാധികാരം ഉള്‍പ്പെടെ പത്തിന നിര്‍ദേശങ്ങളാണ് മറുപടിയില്‍ ഇറാന് മുന്നോട്ട് വെച്ചത്. മേഖലയിലാകെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം, ഹോര്‍മുസിലൂടെയുള്ള സുരക്ഷിത യാത്രക്കായി പ്രോട്ടോക്കോള്‍ കൊണ്ടുവരും, ഉപരോധങ്ങള്‍ ഒഴിവാക്കണം തുടങ്ങിയവയാണ് ഇറാന്റെ നിര്‍ദേശങ്ങള്‍.
അതേസമയം, ഇറാനുള്ള സമയപരിധി ചൊവ്വാഴ്ച തീരുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. നല്ല വിശ്വാസത്തോടെ ഇറാനുമായുള്ള ചര്‍ച്ച തുടരുന്നതായും ട്രംപ് പറഞ്ഞു. ചെയ്യേണ്ട കാര്യം ഇറാന് ചെയ്താല്‍ യുദ്ധം ഉടന്‍ തീരും. കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ അവരുടെ പാലങ്ങളും വൈദ്യുത സ്റ്റേഷനുകളും ബാക്കിയുണ്ടാകില്ല. ഇറാന് ആണവായുധം സ്വന്തമാക്കരുത് എന്ന ഏകലക്ഷ്യത്തോടെയാണ് യുദ്ധം തുടങ്ങിയത്. യുദ്ധത്തെ എതിര്‍ക്കുന്ന അമേരിക്കക്കാര്‍ വിഡ്ഢികളാണെന്നും ട്രംപ് പറഞ്ഞു. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്നിരിക്കെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം ആവര്‍ത്തിക്കുന്നത്.
എനിക്ക് വേണമെങ്കില്‍ ഇത് അവസാനിപ്പിച്ച് മടങ്ങാം. ഇറാന് തകര്‍ന്നവ പുനര്‍നിര്‍മിക്കാന്‍ 15 വര്‍ഷമെങ്കിലും വേണ്ടിവരും. എന്നാല്‍ അവരെ പൂര്‍ണമായും ഇല്ലാതാക്കാനാണ് എന്റെ തീരുമാനം – ട്രംപ് പറഞ്ഞു. ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ യുഎസാണ് പ്രവര്‍ത്തിച്ചതെന്ന വാദം ട്രംപിന് അംഗീകരിക്കേണ്ടിവന്നു. പ്രക്ഷോഭകരെ സഹായിക്കാന്‍ നിരവധി തോക്കുകള്‍ നല്‍കിയതായി ട്രംപ് പറഞ്ഞു

