KSDLIVENEWS

Real news for everyone

അമേരിക്കൻ ഉപരോധം തുടരുകയാണെങ്കിൽ മേഖലയിലെ എല്ലാ ചരക്കുനീക്കവും തടയുമെന്ന് ഇറാന്റെ ഭീഷണി

SHARE THIS ON

ടെഹ്റാൻ: ഇറാനെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധം നിലവിലെ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാന്റെ ഖത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് കമാൻഡർ മേജർ ജനറൽ അലി അബ്ദുള്ളാഹി. ഈ ഉപരോധം തുടരുകയാണെങ്കിൽ പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ചെങ്കടൽ എന്നിവിടങ്ങളിലൂടെയുള്ള എല്ലാ കയറ്റുമതി-ഇറക്കുമതി പ്രക്രിയകളും തടയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനിയൻ വാണിജ്യ കപ്പലുകൾക്കും ഓയിൽ ടാങ്കറുകൾക്കും സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന അമേരിക്കയുടെ ഈ നിയമവിരുദ്ധ നടപടിയെ ഇറാന്റെ സായുധ സേന ശക്തമായി നേരിടുമെന്നും ദേശീയ പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ നടത്തുന്നതിനായി ഏപ്രിൽ എട്ടിനാണ് രണ്ട് ആഴ്ചത്തെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. അമേരിക്കൻ സൈന്യത്തെ പിൻവലിക്കണമെന്നും ഉപരോധങ്ങൾ നീക്കണമെന്നും ആവശ്യപ്പെടുന്ന പത്ത് ഇന പദ്ധതിയാണ് ഇറാൻ ഈ ചർച്ചകളിൽ മുന്നോട്ടുവെച്ചിരുന്നത്. 21 മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾ നടന്നുവെങ്കിലും ഒരു കരാറിലെത്താൻ ഇരുപക്ഷത്തിനും സാധിച്ചില്ല. അമേരിക്കയുടെ വാഗ്ദാനങ്ങളിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാനിയൻ പ്രതിനിധി സംഘം ഒടുവിൽ ടെഹ്‌റാനിലേക്ക് മടങ്ങി. ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്കിൽ ഇറാൻ തുറമുഖങ്ങളിൽനിന്ന് വരുന്നതും പോകുന്നതുമായി കപ്പലുകൾക്ക് നാവിക ഉപരോധം ഏർപ്പെടുത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച മുതൽ നാവിക ഉപരോധം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ പത്ത് കപ്പലുകൾ തിരിച്ചയച്ചുവെന്നാണ് യുഎസ് സൈന്യം അറിയിച്ചത്. തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!