KSDLIVENEWS

Real news for everyone

സുധാകരൻ നല്ല സുഹൃത്ത്; വോട്ടെണ്ണി യുഡിഎഫിന് ഭൂരിപക്ഷം കിട്ടണം, വിവാദങ്ങളുണ്ടാക്കരുതെന്ന് ചെന്നിത്തല

SHARE THIS ON

തിരുവനന്തപുരം: മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾ അനാവശ്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വോട്ടെണ്ണി തുടങ്ങുന്നതിനു മുമ്പ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ ഒരർഥവുമില്ലെന്നും അത് തങ്ങളെ വിജയിപ്പിക്കാൻ കാത്തിരിക്കുന്ന കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യത്തെ കെടുത്താൻ മാത്രമേ സഹായിക്കുകയുള്ളൂവെന്നും രമേശ് ചെന്നിത്തല ആലുവയിൽ മാധ്യമങ്ങളോട് പറഞ്ഞു. സുധാകരൻ തന്റെ നല്ല സുഹൃത്താണെന്നും താനടക്കം ആരും ഇത്തരം വിവാദങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ ഏതായാലും ഈ വിവാദത്തിൽ പങ്കെടുക്കാത്തയാളാണെന്നും സോഷ്യൽ മീഡിയയിൽ ഒരു തരത്തിലും ആർക്കെങ്കിലും അനുകൂലമായിട്ടോ മറ്റുള്ളവർക്കെതിരായിട്ടോ ഒന്നും ഇന്നുവരെ ചെയ്തിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത് അനാവശ്യ വിവാദമാണ്. ഈ വിവാദത്തിന് ഒരർഥവുമില്ല. അത് നമ്മളെ വിജയിപ്പിക്കാൻ കാത്തിരിക്കുന്ന കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യത്തെ കെടുത്താൻ മാത്രമേ സഹായിക്കുകയുള്ളൂ. അതുകൊണ്ട് ഇത്തരം വിവാദങ്ങളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞു നിൽക്കണം. – ചെന്നിത്തല പറഞ്ഞു.

സോഷ്യൽ മീഡിയയാണോ കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? അതിനൊരു സംവിധാനമുണ്ടല്ലോ. കോൺഗ്രസ് ആദ്യമായിട്ടല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതും സർക്കാർ ഉണ്ടാക്കുന്നതും. അപ്പോൾ അതിന് വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ട്. അത് ആ സമയത്ത് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കേണ്ട കാര്യമാണ്. അതിനുമുമ്പ് വിവാദങ്ങളുണ്ടാക്കുന്നത് ശരിയല്ല. ഞാനടക്കം ആരും അത് ഉണ്ടാക്കരുത് എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടുതന്നെയാണ് ഞാൻ അത്തരം വിവാദങ്ങളിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നത്.

അത്തരത്തിലുള്ള ഒരു വിവാദത്തിനും ഒരു പ്രസക്തിയുമില്ല. അത് ജനങ്ങൾക്കും പ്രവർത്തകർക്കും ദുഃഖമുണ്ടാക്കുന്ന കാര്യമാണ്. അതുണ്ടാവരുത് എന്നാണ് എന്റെ അഭിപ്രായം. അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് റിസൾട്ട് വന്നുകഴിഞ്ഞാൽ അതിനനുസരിച്ചുള്ള തീരുമാനമെടുക്കും. അത് എല്ലാവരും അംഗീകരിക്കും. അതാണ് കോൺഗ്രസിലെ കീഴ്വഴക്കം. എല്ലാ വിവാദങ്ങളും ഒഴിവാക്കണം എന്നുള്ള ഒറ്റ വാചകമാണ് എനിക്ക് അതിനെപ്പറ്റി എല്ലാം പറയാനുള്ളത്.

സുധാകരൻ തന്റെ നല്ല സുഹൃത്താണെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ഇത്തരം വിവാദങ്ങൾ വേണ്ടെന്ന് ആവർത്തിക്കുകയും ചെയ്തു. ഇതിന് അതിന്റേതായ രീതികളുണ്ട് കോൺഗ്രസിൽ. ഈ തർക്കത്തിനും ബഹളത്തിനും ഒന്നും ഒരർഥവുമില്ല. അതെല്ലാം എന്ത് വേണമെന്നുള്ളത് തീരുമാനിക്കാം. വോട്ട് എണ്ണണം. യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടണം. കിട്ടിക്കഴിയുമ്പോൾ കോൺഗ്രസിന്റെ അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. നമ്മൾ ഇപ്പോൾ അതിനെപ്പറ്റി ഒരഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!