KSDLIVENEWS

Real news for everyone

കയ്പമംഗലം വാഹനാപകടം; പുണെ സ്വദേശിയായ ലോറി ഡ്രൈവർ പിടിയിൽ

SHARE THIS ON

കയ്പമംഗലം: കയ്പമംഗലം പനമ്പിക്കുന്നിൽ ദേശീയപാത 66-ൽ നിർത്തിയിട്ടിരുന്ന ലോറിയിലിൽ കാറിടിച്ച് എട്ടുപേർ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ പിടിയിൽ. പുണെ സ്വദേശിയായ ദൂക്കാറാം കംപ്ലയാണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ അപകടം നടന്നയുടനെ ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. 

കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാൾക്കുള്ള തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഉച്ചയ്ക്ക് ശേഷം കയ്പമംഗലം ബസ് സ്റ്റാൻഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ട നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ശനിയാഴ്ച പുലർച്ചെ 12 മണിയോടെയാണ് കയ്പമംഗലം ദേശീയപാതയിലെ പനമ്പിക്കുന്ന് സെന്ററിനുസമീപം വാഹനാപകടമുണ്ടായത്. ഡിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ആറുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാക്കി രണ്ടുപേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

റോഡ് നിർമാണവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ചരക്കുലോറിയും മറ്റ് രണ്ട് ലോറികളും ഏറെ നേരമായി ഇവിടെ അനധികൃതമായി പാർക്ക് ചെയ്തിട്ടിരിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടസമയത്ത് ലോറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറെ നാട്ടുകാരാണ് വിളിച്ചുണർത്തിയത്. തുടർന്ന് ഇയാൾ വണ്ടി അവിടുന്ന് മാറ്റിയിട്ട ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

തെറ്റായ ദിശയിൽ ലോറി പാർക്ക് ചെയ്തതാണ് അപകടകാരണം എന്നാതായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ദേശീയപാതയിലെ ഡിവൈഡറുകൾ മറയ്ക്കുന്ന രീതിയിൽ ചരക്കുലോറി അലക്ഷ്യമായി നിർത്തിയിട്ടതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് മോട്ടോർ വാഹന വകുപ്പും വിലയിരുത്തിയിരുന്നു. വാഹനം പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത സ്ഥലത്ത് ലോറി നിർത്തിയിട്ടതാണെന്ന് മന്ത്രി ഒ. ജെ. ജനീഷും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നിലവിൽ ഡ്രൈവറെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും അതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!