KSDLIVENEWS

Real news for everyone

ലെബനാനിൽ പത്ത് ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ് 

SHARE THIS ON

വാഷിങ്ടൺ: ലെബനാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 10 ദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30 മുതൽ വെടിനിർത്തൽ നിലവിൽവരും. വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഇറാനുമായുള്ള ചർച്ചക്ക് വീണ്ടും വഴിയൊരുങ്ങും. ലെബനാനിൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഇറാൻ നിർബന്ധം പിടിച്ചിരുന്നു.

തെക്കൻ ലെബനാനിൽ നിലയുറപ്പിച്ചിരിക്കുന്ന സൈന്യത്തോട് രാത്രി ഏഴിനും അർധരാത്രിക്കുമിടയിൽ വെടിനിർത്തലിന് തയ്യാറെടുക്കാൻ ഉന്നത ഐഡിഎഫ് കമാൻഡർമാർ നിർദേശം നൽകി. ലെബനാനിൽ ശാശ്വത സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങൾക്ക് പ്രസിഡന്റ് ഔൺ നന്ദി അറിയിച്ചതായി ലബനാൻ പ്രസിഡൻസിയുടെ പ്രസ് ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വ്യാഴാഴ്ച വൈകുന്നേരം ലെബനാൻ പ്രസിഡന്റ് ജോസഫ് ഔൺ സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 34 വർഷത്തിന് ശേഷം ഇരുരാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ സംസാരിക്കാൻ പോകുന്നുവെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. എന്നാൽ, നെതന്യാഹുവുമായി ഫോണിൽ സംസാരിക്കില്ലെന്ന് ഔൺ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അറിയിച്ചതായി ലെബനാൻ വാർത്താ ചാനലായ എൽബിസിഐ റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇത്തരമൊരു സംഭാഷണം നടത്തുന്നതിനോട് ലെബനാനിൽ വലിയ എതിർപ്പുണ്ട്. സ്പീക്കർ നബിഹ് ബെറിയും ദ്രൂസ് നേതാവ് വാലിദ് ജുംബ്ലത്തും ഈ സംഭാഷണത്തിൽ നിന്ന് പിന്തിരിയാൻ ഔണിനെ ഉപദേശിച്ചതായാണ് വിവരം. ട്രംപും നെതന്യാഹും ഈ സംഭാഷണത്തെ വെറും പിആർ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് ലെബനാൻ വൃത്തങ്ങൾ ആരോപിക്കുന്നു.

നയതന്ത്ര ചർച്ചകൾ നടക്കുമ്പോഴും ഇസ്രായേൽ ആക്രമണം തുടരുകയാണ്. തെക്കൻ ലെബനാനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന അവസാനത്തെ പാലവും വ്യാഴാഴ്ച ഇസ്രായേൽ തകർത്തു. ഇത് പുനർനിർമിക്കാൻ കഴിയാത്ത വിധം തകർന്നതായി ലെബനാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, ഹിസ്ബുല്ലയുടെയും പ്രതിരോധ നിരയുടെയും പോരാട്ടവീര്യത്തിന്റെ ഫലമാണ് ഈ വെടിനിർത്തലെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പറഞ്ഞു. അമേരിക്ക ‘ഇസ്രായേൽ ഫസ്റ്റ്’ എന്ന നയത്തിൽ നിന്ന് പിന്മാറണമെന്നും കരാർ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!