നാലുപേർക്ക് ഗുരുതര പരിക്ക്; ഡ്രൈവറുടെ അവസ്ഥ മോശം’- വാൽപ്പാറ അപകടത്തെക്കുറിച്ച് തമിഴ്നാട് പോലീസ്

കോയമ്പത്തൂർ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ മലപ്പുറം പാങ്ങ് പാറമ്മൽ ജി.എൽ.പി സ്കൂളിലെ അധ്യാപക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് കോയമ്പത്തൂർ എസ്പി.
പരിക്കേറ്റവരിൽ മൂന്ന് പേരെ നിലവിൽ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെയുള്ള നാല് പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ മറ്റൊരാൾ നിലവിൽ നിരീക്ഷണത്തിലാണെന്നും ഇയാളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും എസ്പി വ്യക്തമാക്കി. അപകടത്തിൽ ഒമ്പത് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അപകടസമയത്ത് വാഹനത്തിൽ ആകെ 13 പേരാണ് ഉണ്ടായിരുന്നത് എന്ന് കോയമ്പത്തൂർ എസ്പി സ്ഥിരീകരിച്ചു. നേരത്തെ വാഹനത്തിൽ 16 പേർ ഉണ്ടായിരുന്നു എന്ന തരത്തിൽ പ്രാഥമിക വിവരങ്ങൾ വന്നിരുന്നെങ്കിലും ട്രാവൽ ഏജൻസിയിൽ നിന്നുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് യാത്രക്കാരുടെ എണ്ണം 13 ആണെന്ന് ഉറപ്പിച്ചത്.
തമിഴ്‌നാട് പോലീസും മറ്റ് വിവിധ വകുപ്പുകളും ചേർന്ന് അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനമാണ് സംഭവസ്ഥലത്ത് നടത്തിയത്. അധികൃതർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയെന്നും മലപ്പുറം എസ്പിയുമായി നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ദുരന്ത നിവാരണ സേന, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് എന്നിവർ സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ആശുപത്രി നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
കേരള സർക്കാരും വിഷയത്തിൽ അടിയന്തരമായി ഇടപെട്ടിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. കോയമ്പത്തൂർ കളക്ടറുടെ നേതൃത്വത്തിൽ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ടെന്ന് തമിഴ്‌നാട് സർക്കാർ ഉറപ്പുനൽകിയതായി മന്ത്രി അറിയിച്ചു. അധ്യാപകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട വാർത്ത ഏറെ ദുഃഖകരമാണെന്നും സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

