KSDLIVENEWS

Real news for everyone

അമേരിക്കയുടേത് കടൽക്കൊള്ള, മൗനം പാലിക്കില്ല; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ

SHARE THIS ON



ടെഹ്‌റാൻ: ഇറാനിയൻ കപ്പൽ പിടിച്ചെടുത്തതിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകുമെന്ന് ഇറാൻ. അമേരിക്ക നടത്തിയത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും സായുധ കടൽക്കൊള്ളയാണെന്നും ഇറാൻ മിലിട്ടറി കമാൻഡായ ഖതം അൽ-അൻബിയ വക്താവ് പ്രതികരിച്ചു. സംഭവത്തിൽ ഇറാൻ മൗനം പാലിക്കില്ലെന്നും അമേരിക്കയ്ക്ക് ഉചിതമായ മറുപടി നൽകുമെന്നും മിലിട്ടറി കമാൻഡ് വക്താവ് വ്യക്തമാക്കി.

വെടിനിർത്തൽ കരാർ ലംഘിച്ചും കടൽക്കൊള്ളയിലൂടെയും അമേരിക്ക ഇറാന്റെ ഒരു ചരക്കുക്കപ്പൽ ആക്രമിച്ചിരിക്കുകയാണ്. ഒമാൻകടലിൽവെച്ച് വെടിവെപ്പ് നടത്തിയശേഷമാണ് അമേരിക്ക കപ്പൽ പിടിച്ചെടുത്തത്. അമേരിക്കൻ മറീനുകൾ കപ്പലിൽ അതിക്രമിച്ചുകയറി നാവിഗേഷൻ സംവിധാനമടക്കം പ്രവർത്തനരഹിതമാക്കി. യുഎസ് സൈന്യത്തിന്റെ ഈ സായുധ കടൽക്കൊള്ളയ്‌ക്കെതിരേ ഇറാന്റെ സായുധ സേന ഉടൻ പ്രതികരിക്കും. ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ വക്താവ് പറഞ്ഞു. ചൈനയിൽനിന്ന് ഇറാനിലേക്ക് വരുന്നതിനിടെയാണ് അമേരിക്കൻ നാവികസേന കപ്പൽ തടഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇറാനിയൻ കപ്പൽ അമേരിക്ക പിടിച്ചെടുത്തതായി അറിയിച്ചത്. ഹോർമുസ് കടലിടുക്കിന് സമീപം യുഎസിന്റെ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ പതാക വഹിച്ച കപ്പൽ കസ്റ്റഡിയിലെടുത്തെന്നായിരുന്നു ട്രംപ് സാമൂഹികമാധ്യമത്തിൽ കുറിച്ചത്. ഇതിനുപിന്നാലെയാണ് കപ്പൽ ആക്രമിച്ചതിന് അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ച് ഇറാനും രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!