KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് മില്‍മ പാല്‍ വില കൂടും: വില കൂട്ടാൻ അനുമതി നല്‍കി സര്‍ക്കാര്‍

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂടും. പാലിന് വില കൂട്ടാൻ സർക്കാർ അനുമതി നല്‍കി. ലിറ്ററിന് നാലു രൂപ വരെ വർധിക്കുമെന്നാണ് സൂചന.

പാലിന് വില വർധിപ്പിക്കാൻ മില്‍മ സർക്കാർ അനുമതി തേടിയിരുന്നു. നാലു രൂപ മുതല്‍ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മില്‍മയുടെ ശുപാർശ.

ബുധനാഴ്ച നടക്കുന്ന ബോർഡ് ഒഫ് ഡയറക്ടേഴ്‌സില്‍ വിലവർധനവില്‍ അന്തിമ തീരുമാനം ഉണ്ടാകും. പാല്‍ വില കൂട്ടാൻ തീരുമാനമെടുത്തെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ മില്‍മയുടെ അപേക്ഷ സർക്കാർ നിഷേധിക്കുകയായിരുന്നു.

പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മില്‍മ ചെയർമാൻ കെ എസ് മണി കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ പാല്‍വില കൂട്ടാനാവില്ല. നേരത്തെ മില്‍മ നല്‍കിയ കത്തിന് അനുകൂല മറുപടി സർക്കാർ നല്‍കിയിരുന്നില്ല.

ആറുമാസം മുമ്പാണ് ലിറ്ററിന് നാലു മുതല്‍ ആറ് രൂപ വരെ വർധിപ്പിക്കണമെന്ന് ബോർഡ് തീരുമാനമെടുത്തതെന്നും അത് ഉടൻ നടപ്പാക്കണമെന്നുമാണ് എറണാകുളം മേഖല യൂണിയൻ ഭാരവാഹികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പട്ടം മില്‍മ ആസ്ഥാനത്ത് ഇവർ പ്രതിഷേധിച്ചിരുന്നു.

വില കൂട്ടാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുമെന്ന പരാതിയാണ് പ്രതിഷേധക്കാർ ഉയർത്തിയത്. മില്‍മ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനമെടുത്തതെന്ന് യൂണിയൻ ചെയർമാൻ സി എൻ വത്സലൻ പിള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!