KSDLIVENEWS

Real news for everyone

നായന്മാർമൂലയിൽ റോഡ് കൈയേറി വാഹന പാർക്കിങ്: കാൽനടയാത്ര ഭീതിയിൽ

SHARE THIS ON

ചെർക്കള: നായന്മാർമൂലയിൽ രാപകൽ ഭേദമെന്യേ വാഹനങ്ങൾ നടപ്പാതയിലും സർവീസ് റോഡിലും നിർത്തിയിടുന്നത് കാൽനടയാത്രക്കാരെയും വാഹനയാത്രക്കാരെയും ഒന്നുപോലെ ഭീതിയാലാക്കുന്നു. കാസർകോട് ഭാഗത്തുനിന്ന് ചെർക്കള ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിടുന്നത്. വൈകീട്ട് മുതൽ രാത്രി ഏറെ വൈകുംവരെയും അപകടഭീതി ഉയർത്തുന്നവിധമാണ് നടപ്പാതയിലും സർവീസ് റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.

ഭീതി ഉയർത്തിയുള്ള വാഹന പാർക്കിങ്ങിന് നേരേ പോലീസും മോട്ടോർ വാഹന വകുപ്പും കണ്ണടക്കുന്നതായാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതി. നായന്മാർമൂലയിൽ സർവീസ് റോഡിനോടുചേർന്ന് പ്രവർത്തിക്കുന്ന വിവിധ കച്ചവടസ്ഥാപനങ്ങിലെത്തുന്നവരുടെ വാഹനങ്ങളാണ് നടപ്പാതയിലും സർവീസ് റോഡിലും നിർത്തിയിടുന്നത്.

സർവ്വീസ് റോഡിൽനിന്ന് അല്പം ഉയരത്തിലാണ് മറ്റ് പലയിടത്തും നടപ്പാത പണിതിരുന്നതെങ്കിൽ നായന്മാർമൂലയിൽ റോഡിൽനിന്ന് വാഹനങ്ങൾക്ക് കയറാൻപറ്റുന്നവിധത്തിലാണ് കൊരുപ്പുകട്ടകൾ പാകി നടപ്പാത പണിതത്. നായന്മാർമൂല ജുമാമസ്ജിദിന് കീഴിലുള്ള വനിതാ കോളേജ്, മദ്രസ, തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് നടപ്പാതയിലൂടെ കയറിപ്പോകുന്നതിന് കഴിയുന്നില്ല. നടപ്പാതയും സർവീസ് റോഡും കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അവസാനിപ്പിക്കുന്നതിന് നടപടിവേണമെന്നാണ് നാട്ടുകാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!