KSDLIVENEWS

Real news for everyone

ബാഗുകൾ പാക്ക് ചെയ്ത് ഡൽഹി ചലോ; ഇതൊരു നീണ്ട പോരാട്ടം, ഞങ്ങൾ മടങ്ങില്ല’, പ്രക്ഷോഭത്തിന് സിജെപിയും

SHARE THIS ON

ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും തിരഞ്ഞെടുപ്പ് കമ്മിഷനിൽ വ്യവസ്ഥാപിത പരിഷ്കരണങ്ങൾ കൊണ്ടുവരണമെന്ന് ഉന്നയിച്ചും ഒക്ടോബർ 10ന് ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിജെപി. പ്രതിഷേധവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഡൽഹി പൊലീസിനു ഔദ്യോഗികമായി കത്ത് നൽകിയതായി സിജെപി കോ കൺവീനർ സൗരവ് ദാസ് പറഞ്ഞു. വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ ക്രമസമാധാനം ഉറപ്പാക്കാനും ഗതാഗത ക്രമീകരണങ്ങൾ ചെയ്യാനും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഡൽഹി ചലോ’ എന്ന ആഹ്വാനവുമായി രാജ്യത്തെ യുവാക്കൾ ഒക്ടോബർ 10ന് ഒത്തുകൂടും. പൊലീസിൽ നിന്ന് അനുമതി പത്രം കൈപ്പറ്റിയതായും ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതായും സൗരവ് ദാസ് പറഞ്ഞു.

ഇതൊരു നീണ്ട പോരാട്ടമാണെന്നും എല്ലാവരും ബാഗുകൾ പാക്ക് ചെയ്ത് പ്രതിഷേധത്തിൽ പങ്കാളികളാകണമെന്നും സൗരവ് ദാസ് ആഹ്വാനം ചെയ്തു. ‘‘ഗ്യാനേഷ് കുമാർ രാജിവച്ചാലും ഞങ്ങൾ ഈ പോരാട്ടം അവസാനിപ്പിക്കില്ല. തിരഞ്ഞെടുപ്പ് കമ്മിഷനിൽ കൃത്യമായ പരിഷ്കരണങ്ങൾ വരണം. പ്രത്യേക വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ മരവിപ്പിക്കുകയും അതിനിടെ എടുത്ത നിയമവിരുദ്ധ തീരുമാനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയും വേണം. ഗ്യാനേഷ് കുമാറിനെപ്പോലെയുള്ള ആളുകൾ ഇത്തരം പദവികളിൽ ഇരിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണം. അല്ലാത്തപക്ഷം ഞങ്ങൾ മടങ്ങില്ല’’ – സൗരവ് ദാസ് പറഞ്ഞു.

വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബിജെപി ഒത്തുകളിക്കുകയാണെന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്റ് നേഹ ബോറ ആരോപിച്ചു. വിദ്യാർഥി സംഘടനകളും ഇന്ത്യ സഖ്യവും ഒരുപക്ഷത്തും, തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും മറുപക്ഷത്തുമാണെന്ന് അവർ പറഞ്ഞു. ചരിത്രത്തിന്റെ ശരിയായ വശത്ത് നിൽക്കാൻ ആഗ്രഹിക്കുന്നവർ ബിജെപി വിടണമെന്നും നേഹ ബോറ ആവശ്യപ്പെട്ടു. ഒക്ടോബർ 10ലെ പ്രതിഷേധത്തിൽ വിവിധ സംഘടനകൾ ഒന്നിച്ച് പങ്കെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

സിജെപിയുടെ പ്രധാന ആവശ്യങ്ങൾ

1, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ‌ ഗ്യാനേഷ് കുമാർ രാജിവയ്ക്കണം, അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കണം.

2, പ്രത്യേക വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ (എസ്ഐആർ) മരവിപ്പിക്കുക, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നിർത്തിവയ്ക്കുക, 2025 ജനുവരിയിലെ വോട്ടർപട്ടിക പുനഃസ്ഥാപിക്കുക, സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുക.

3, 2023ലെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമന നിയമം റദ്ദാക്കുകയും സ്വതന്ത്രവും വിശ്വസനീയവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ സ്ഥാപിക്കുകയും ചെയ്യുക.

error: Content is protected !!