രാഹുലിനെ കയറ്റിയ വാഹനം തടഞ്ഞ് പ്രവർത്തകർ, ടയറിന്റെ കാറ്റഴിച്ചുവിട്ടു, ചില്ലുടച്ചു… ഡൽഹിയിൽ സംഘർഷം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പോലീസ് കസ്റ്റഡിയിലെടുത്തു. ബലം പ്രയോഗിച്ചാണ് പ്രതിപക്ഷനേതാവിനെയും വയനാട് എംപിയേയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. റോഡിൽ കിടന്ന് പ്രതിഷേധിക്കവെയാണ് പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേരള ഹൗസിൽ നിന്ന് പ്രതിഷേധ സ്ഥലത്തെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനേയും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിപക്ഷ എംപിമാരെയും വഹിച്ച് ജന്തർ മന്തറിലേക്ക് പുറപ്പെട്ട ബസ്സുകൾ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. കോൺഗ്രസ് പ്രവർത്തകരെ പോലീസും കേന്ദ്രസേനയും റാപ്പിഡ് ആക്ഷൻ ഫോഴ്സും മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മൂന്ന് ബസ്സുകളിലായാണ് ഇന്ത്യാ സഖ്യത്തിലെ എംപിമാർ ജന്തർ മന്തറിലേക്ക് പുറപ്പെട്ടത്. ഇന്ത്യാ സഖ്യത്തിലെ മുഴുവൻ പാർട്ടികളും ഒറ്റക്കെട്ടായാണ് പ്രതിഷേധത്തിന് അണിനിരക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ നിരവധി പ്രവർത്തകരും പ്രതിഷേധത്തിനായി തെരുവിലുണ്ട്.
ഗ്യാനേഷ് കുമാർ രാജ്യത്തിന്റെ നിയമാനുസൃത തിരഞ്ഞെടുപ്പ് കമ്മിഷണർ അല്ലെന്ന് പ്രതിഷേധത്തിന് പുറപ്പെടുന്നതിന് മുമ്പായി രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ 45 എഫ്ഐആറുകളുണ്ട്. 100 എഫ്ഐആറുകളാണ് ലക്ഷ്യം. ഓരോ എഫ്ഐആറും തനിക്ക് മെഡലുകളാണെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യം നേടുംവരെ തങ്ങൾ പ്രതിഷേധം തുടരുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്ത് ചെയ്താലും അതിന്റെയെല്ലാം പിന്നിൽ നരേന്ദ്രമോദിയാണ്. മോദി തന്നെയാണ് ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നത്. എത്ര കേസുകളെടുത്താലും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം അവസാനിപ്പിക്കുകയോ ഭയപ്പെടുകയോ ഇല്ലെന്നും ഖാർഗെ വ്യക്തമാക്കി.

