1967ന് ശേഷം ഇതാദ്യം, വിജയ് സര്‍ക്കാരില്‍ കോണ്‍ഗ്രസിനും മന്ത്രിമാര്‍: സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും

തമിഴ്നാട്ടില്‍ വിജയ് സർക്കാരില്‍ കോണ്‍ഗ്രസിനും മന്ത്രിമാർ. വർഷങ്ങള്‍ നീണ്ട ആവശ്യങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് അധികാരത്തില്‍ പങ്ക് നേടുന്നത്.
മേലൂർ എംഎല്‍എ പി വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ മന്ത്രിമാരാകും എന്നതാണ് ലഭ്യമാകുന്ന വിവരങ്ങള്‍. അതേസമയം, നാളെ നടക്കുന്ന വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാൻ രാഹുല്‍ ഗാന്ധിയും എത്തും. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ചാണ് സത്യപ്രതിജ്ഞ നടക്കുക.
1952ന് ശേഷം ആദ്യമായാണ് തമിഴ്നാട്ടില്‍ സഖ്യസർക്കാർ ചുമതലയേല്‍ക്കുന്നത്. 1967ന് ശേഷമാണ് സംസ്ഥാനത്ത് ആദ്യമായി കോണ്‍ഗ്രസിന് മന്ത്രിമാരും എത്തുന്നത്. നാളെ നടക്കുന്ന ചടങ്ങില്‍ പി വിശ്വനാഥൻ സത്യപ്രതിജ്ഞ ചെയ്യും. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് അവസാനനിമിഷം പ്രഖ്യാപിച്ച സ്ഥനാർഥി ആയിരുന്നു പി വിശ്വനാഥൻ. ദളിത് നേതാവാണ്. ജനറല്‍ സീറ്റില്‍ ആണ് അദ്ദേഹം മത്സരിച്ചത്. കന്യാകുമാരിയില്‍ നിന്നാകും കോണ്‍ഗ്രസിന്റെ രണ്ടാം മന്ത്രി വരുന്നത്. രാജേഷ് കുമാർ ആണ് മന്ത്രിയാകാൻ സാധ്യത. വനിതയെയും പരിഗണിച്ചേക്കും. രാജേഷ് കുമാറിൻ്റെ സത്യപ്രതിജ്ഞ പിന്നീട് മന്ത്രിസഭ വിപുലീകരണഘട്ടത്തില്‍ ആയിരിക്കും. നാളെ ഒരു കോണ്‍ഗ്രസ് മന്ത്രി മാത്രം ചുമതലയേല്‍ക്കും.
കോണ്‍ഗ്രസ്സ് എംഎല്‍എമാർ ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തി. രാത്രി 11:45ന് ചെന്നൈയില്‍ എത്തും. വിജയ്‌യും 9 മന്ത്രിമാരും ആണ് നാളെ സത്യപ്രതിജ്ഞ ചെയ്യുക. നാളെ 3 മണിക്ക് ആദ്യ ക്യാബിനറ്റ് യോഗം ചേരും. രാഹുല്‍ ഗാന്ധിയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. നാളെ 10 മണിക്കാണ് സത്യപ്രതിജ്ഞ. നിയമന ഉത്തരവ് ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്ക് കൈമാറി. 5 നാള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് തമിഴ്‌നാട്ടില്‍ സർക്കാർ രൂപീകരണം യാഥാർത്ഥ്യമാകുന്നത്.
അതേസമയം, ഒറ്റ വോട്ട് തോല്‍വിയെ തുടർന്ന് ഡിഎംകെ മുൻമന്ത്രി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തിരുപ്പത്തൂരില്‍ തോറ്റ പെരിയകറുപ്പൻ ആണ് ഹർജി നല്‍കിയത്. വിജയിച്ച ടിവികെ സ്ഥാനാർഥിയെ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കരുത് എന്നാവശ്യം. ഹർജി അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കും.

