കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു; ഖര്‍ഗെ ബംഗളൂരുവിലേക്ക് പോയത് ചർച്ച നീളാൻ കാരണമാകും

ന്യുഡല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാതെ കോണ്‍ഗ്രസ് നേതൃത്വം കുഴങ്ങുന്നു (Kerala CM Selection 2026).
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള നിർണ്ണായക ചർച്ചകള്‍ ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന. മുതിർന്ന നേതാവ് ഡി. സുധാകറിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാൻ ഖർഗെ ബംഗളൂരുവിലേക്ക് പോയതാണ് ചർച്ചകള്‍ വീണ്ടും നീളാൻ കാരണം.
മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ച വിഡി സതീശൻ , കെസി വേണുഗോപാല്‍ , രമേശ് ചെന്നിത്തല എന്നിവരുമായി മല്ലികാർജുൻ ഖർഗെ ചർച്ചകള്‍ നടത്തിയെങ്കിലും ആർക്കും മുൻതൂക്കം നല്കാനാവാത്ത വിധം തർക്കം തുടരുകയാണ്. അതേസമയം , ഖർഗെ രണ്ട് ദിവസത്തിന് ശേഷം മാത്രമേ ഡല്‍ഹിയില്‍ മടങ്ങിയെത്തുകയുള്ളൂ. അതിനുശേഷം മാത്രമേ രാഹുല്‍ ഗാന്ധിയുമായുള്ള അന്തിമ കൂടിക്കാഴ്ച നടക്കൂ.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏഴ് ദിവസം പിന്നിട്ടിട്ടും ഭരണത്തലവനെ നിശ്ചയിക്കാത്തതില്‍ കോണ്‍ഗ്രസ് അണികള്‍ക്കിടയിലും പൊതുസമൂഹത്തിലും പ്രതിഷേധം ശക്തമാണ്. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെങ്കിലും നേതൃത്വത്തിലെ തർക്കം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന വിലയിരുത്തലുണ്ട്.
ഡല്‍ഹിയില്‍ നടക്കുന്ന ഹൈക്കമാൻഡ് ചർച്ചകളിലൂടെ വരും ദിവസങ്ങളില്‍ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

