കേരളത്തിൽ സർക്കാരെവിടെ: കോൺഗ്രസിന് ജനങ്ങളെ എങ്ങനെ വഞ്ചിക്കാമെന്നു മാത്രമേ അറിയൂ; പരിഹസിച്ച് മോദി

ബെംഗളൂരു: രാഷ്ട്രീയനേട്ടത്തിനായി കോൺഗ്രസ് സഖ്യകക്ഷികളെ വഞ്ചിക്കുകയാണെന്ന് തമിഴ്‌നാട്ടിലെ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. ’വർഷങ്ങളായി ഡി.എം.കെ.യുടെ പിന്തുണയിലാണ് കോൺഗ്രസ് അവിടെ അതിജീവിച്ചത്. ഇപ്പോൾ, രാഷ്ട്രീയ സമവാക്യങ്ങൾ മാറിയപ്പോൾ അവർ ഡി.എം.കെ.യെ പിന്നിൽനിന്ന് കുത്തി’ – അദ്ദേഹം ആരോപിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നേടിയ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ആദ്യമായി ബെംഗളൂരുവിലെത്തിയ നരേന്ദ്രമോദിക്ക് എച്ച്.എ.എൽ. വിമാനത്താവളത്തിനടുത്ത് ബി.ജെ.പി. സംഘടിപ്പിച്ച സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു.
കേരളത്തിൽ എൻ.ഡി.എ.ക്ക് ഭൂരിപക്ഷംലഭിച്ച് സർക്കാരുണ്ടാക്കുന്ന കാലം വിദൂരമല്ല. മുൻപുണ്ടായിരുന്ന ഒരു എം.എൽ.എ.യുടെ സ്ഥാനത്ത് മൂന്ന് എം.എൽ.എ.മാരായി വർധിച്ച കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയിട്ടും കോൺഗ്രസ് എന്തുകൊണ്ടാണ് കേരളത്തിൽ സർക്കാർ രൂപവത്കരിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.
പശ്ചിമബംഗാളിൽ പത്തു വർഷം മുൻപ് മൂന്ന് എം.എൽ.എ.മാരുണ്ടായിരുന്നിടത്തുനിന്ന് 200 എം.എൽ.എ.മാരുമായി സർക്കാർ ഉണ്ടാക്കാൻ ബി.ജെ.പി.ക്കു കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഛത്തീസ്ഗഢ്, രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിൽ കോൺഗ്രസ് സ്വന്തം നേതാക്കളെ വഞ്ചിച്ചതായും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ആദ്യം വാഗ്ദാനങ്ങൾ നൽകുകയും പിന്നീട് അവ നിരസിക്കുകയും ചെയ്തു. കർണാടകത്തിൽ പാർട്ടിയിലെ ആഭ്യന്തര അധികാരപോരാട്ടങ്ങൾ കാരണം നല്ല ഭരണം കാഴ്ചവെക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. അവർ ജനങ്ങളെ വഞ്ചിക്കുകയാണ്. കർണാടകത്തിൽ കോൺഗ്രസ് സർക്കാർ ഏതാനും മാസമായി ഭരണവിരുദ്ധ വികാരം നേരിടുകയാണ്. ഭരണത്തിന് അജൻഡയില്ലാതായതാണു കാരണം. കോൺഗ്രസിന് ജനങ്ങളെ എങ്ങനെ വഞ്ചിക്കാമെന്നു മാത്രമേ അറിയൂ എന്നും അദ്ദേഹം പറഞ്ഞു.

