KSDLIVENEWS

Real news for everyone

അധികൃതരുടെ ശ്രദ്ധയ്ക്ക്: പൊയ്നാച്ചി സർവീസ് റോഡിൽ വാഹനങ്ങൾക്ക് മുങ്ങൽ കുളം; മഴ വന്നാൽ വാഹനങ്ങൾ മുങ്ങി നിവരണം

SHARE THIS ON

പൊയിനാച്ചി: മഴ വന്നാൽ റോഡിലെ വെള്ളക്കെട്ടിൽ മുങ്ങിനിവർന്ന് ഓടി വാഹനങ്ങൾ. പൊയിനാച്ചി സൗത്തിൽ സെയ്‌ന്റ് മേരീസ് പള്ളിക്ക്‌ സമീപം സർവീസ് റോഡിൽ വലിയ തോതിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതാണ് ചെറുവാഹനങ്ങൾക്ക് ഭീഷണിയാകുന്നത്. ദേശീയപാതയുടെ സർവീസ് റോഡ് നിർമാണം പൂർത്തിയാകാത്തതാണ് നാട്ടുകാരെ വലയ്ക്കുന്നത്.

ഓട്ടോകളും കാറുകളും ഇരുചക്രവാഹനങ്ങളും ഞായറാഴ്ച ഇവിടെ വെള്ളക്കെട്ടിൽ കുടുങ്ങി. ഇവിടെ കുറച്ചുഭാഗം സർവീസ് റോഡ് പൂർത്തിയാകാനുണ്ട്. ഒരു വർഷമായിട്ടും ഈ ഭാഗം പൂർത്തിയാക്കാതെ കരാർ കമ്പനി വലയ്ക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ മഴക്കാലത്ത്‌ തന്നെ നാട്ടുകാർ ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നു. പക്ഷേ, മണ്ണുമാന്തിയന്ത്രം വന്ന് താത്കാലിക സൗകര്യം ഉണ്ടാക്കും. റോഡ് നിർമാണം പൂർത്തിയാക്കൽ ഒരുവർഷമായി അതേപടിയാണ്. ഇവിടെ ദേശീയപാതയുടെ പാർശ്വഭാഗം ബലപ്പെടുത്താൻ കുഴിയെടുത്തിട്ട് ആഴ്ചകളായി. ആ നിർമാണവും പൂർത്തിയാക്കുന്നില്ല.

ദേശീയപാത പൂർണമായി തുറക്കുകയും സർവീസ് റോഡിലേക്കുള്ള ഇടവഴികൾ അടയ്ക്കുകയും ചെയ്തതോടെ അടുക്കത്തുബയൽ ഭാഗത്തേക്ക് വേറെ വഴിയില്ല. റോഡ് നിർമാണ കമ്പനിയുടെ യാർഡിലേക്ക് ഭാരവാഹനങ്ങൾ പോകാൻ നേരത്തേ റോഡിൽ മണ്ണിട്ടുയർത്തിയ ഭാഗത്താണ് മഴവെള്ളം കെട്ടിക്കിടക്കുന്നത്. വെള്ളം ഒലിച്ചുപോകാൻ ഇവിടെ സംവിധാനമില്ല. സമീപത്തെ സ്ഥലങ്ങളിൽനിന്നും മഴവെള്ളം കുത്തിയൊലിച്ചെത്തുന്നതും ഈ റോഡിലേക്കാണ്. ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കാലവർഷം കനത്താൽ ഇതുവഴി ഗതാഗതം ദുഷ്കരമാകും. രാത്രി അറിയാതെ വെള്ളത്തിൽ വാഹനം ഇറക്കുന്നവർ പെട്ടുപോകുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!