KSDLIVENEWS

Real news for everyone

ജോത്സ്യനെ കൈവിട്ട് വിജയ്: സഖ്യകക്ഷികളുടെ എതിർപ്പ് ഫലിച്ചു; ഒ.എസ്.ഡി  നിയമനം റദ്ദാക്കി

SHARE THIS ON

ചെന്നൈ: ജ്യോത്സ്യനായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി (OSD) നിയമിച്ചുകൊണ്ടുള്ള തീരുമാനം പിൻവലിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഭരണപക്ഷത്തെ സഖ്യകക്ഷികളും പ്രതിപക്ഷ പാർട്ടികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടർന്നാണ് ഈ നടപടി.

പൊതുഭരണത്തിൽ ജ്യോതിഷത്തിന് പ്രാധാന്യം നൽകുന്നത് ശാസ്ത്രീയ ചിന്താഗതിക്കും യുക്തിക്കും വിരുദ്ധമാണെന്നായിരുന്നു വിജയ്‌യുടെ തീരുമാനത്തിനെതിരെ ഉയർന്ന ഏറ്റവും വലിയ വിമർശനം. യുവാക്കൾക്ക് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് രാഷ്ട്രീയ നേതാക്കൾ മുന്നറിയിപ്പ് നൽകി.

ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്ന വിടുതലൈ ചിരുത്തൈഗൾ കച്ചി (വിസികെ), സിപിഐഎം, സിപിഐ തുടങ്ങിയ പാർട്ടികൾ ഈ നടപടിയെ പരസ്യമായി വിമർശിച്ചതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ വിവാദം ഉടലെടുത്തു. ടിവികെയുടെ സഖ്യകക്ഷികൾക്കിടയിൽ അസ്വസ്ഥത പുകഞ്ഞതോടെ രാഷ്ട്രീയമായ തിരിച്ചടികൂടി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വിജയ് ഈ നിയമനം റദ്ദാക്കിയത്.

വെട്രിവേലിനെ ഈ പദവിയിലേക്ക് ഉയർത്തി ഒരു ദിവസത്തിന് ശേഷമാണ് ഈ നിർണായക നീക്കം ഉണ്ടായത്. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി, അന്ധവിശ്വാസങ്ങളിലല്ല, മറിച്ച് ശാസ്ത്രീയവും യുക്തിസഹവുമായ ചിന്തകളിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് വിസികെ എംഎൽഎ വാണി അരശ് അഭിപ്രായപ്പെട്ടു. ‘നമ്മുടെ സർക്കാർ ജ്യോതിഷത്തിനല്ല, ശാസ്ത്രീയ ചിന്തകൾക്കാണ് പ്രാധാന്യം നൽകേണ്ടത്.’ അദ്ദേഹം പറഞ്ഞു.

ഇടത് പാർട്ടികളായ സിപിഎമ്മും സിപിഐയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ശാസ്ത്രബോധവും യുക്തിചിന്തയും പ്രോത്സാഹിപ്പിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും, പൊതുജനങ്ങളുടെ ചെലവിൽ ഒരു ജ്യോത്സ്യനെ ഔദ്യോഗിക സർക്കാർ പദവിയിൽ നിയമിക്കുന്നത് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയേ ഉള്ളൂവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം വ്യക്തമാക്കി.

സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യനും ഇതേ ആശങ്കകൾ ഉന്നയിച്ചു. ഈ വിവാദങ്ങൾ മുൻ മുഖ്യമന്ത്രി ജെ. ജയലളിത ജ്യോത്സ്യന്മാരെ ആശ്രയിച്ചിരുന്ന രീതിയുമായുള്ള താരതമ്യങ്ങൾക്കും വഴിതുറന്നു. തമിഴ്നാട്ടിലെ യുവാക്കൾക്കും മറ്റും വിജയ് തെറ്റായ മാതൃകയാണ് കാണിക്കുന്നതെന്ന് ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് വിമർശിച്ചു.

‘ജ്യോത്സ്യൻ രാധൻ പണ്ഡിറ്റിനെ ഒഎസ്ഡിയായി നിയമിച്ച നടപടിയെ തമിഴ്നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഞാൻ അപലപിക്കുന്നു. അദ്ദേഹം നിങ്ങളുടെ ഗുരുവാണ് എങ്കിൽ അദ്ദേഹത്തെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ കൂടെ നിർത്തുക. യുവാക്കൾ നിങ്ങൾക്ക് വോട്ട് ചെയ്തത് ഭാവിയിലേക്കുള്ള പ്രതീക്ഷയോടെയാണ്. നിങ്ങൾ അവർക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് വിശദീകരിക്കേണ്ടതുണ്ട്.’ അവർ പറഞ്ഞു.

വിസികെയും ഇടത് പാർട്ടികളും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചില്ലെങ്കിലും, അവരുടെ അതൃപ്തി രാഷ്ട്രീയ മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. ഇതിനെ തുടർന്നാണ് വിജയ്ക്ക് തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!