ഇറാന്‍ യുദ്ധത്തിനിടയിലും എച്ച്പിക്ക് വന്‍ ലാഭം: 133 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധം ഉയര്‍ത്തിയ തിരിച്ചടിക്കിടയിലും സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയ കോര്‍പറേഷന് വന്‍ ലാഭം. യുദ്ധത്തിന്റെ സ്വാധീനം നാലാംപാദത്തിലുണ്ടായിട്ടില്ലെന്നും വരുംനാളുകളില്‍ എച്ച്പിക്ക് വലിയ നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ലാഭകണക്ക് പുറത്തുവിട്ട്കമ്പനി വിശദീകരിച്ചു. ഇറാന്‍ യുഎസ് സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു.
നാലാംപാദത്തില്‍ എച്ച്പിക്ക് 46 ശതമാനം ലാഭ വര്‍ധനയാണ് ഉണ്ടായത്. 4,901.50 കോടിയായാണ് നാലാംപാദത്തിലെ ലാഭം വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം നാലാംപാദത്തില്‍ 3,354.98 കോടിയായിരുന്നു കമ്പനിയുടെ ലാഭം. ഈ സാമ്പത്തിക വര്‍ഷത്തില്‍ വലിയ ലാഭമുണ്ടാക്കാന്‍ എച്ച്പിക്ക് കഴിഞ്ഞിട്ടുണ്ട്.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ എച്ച്പിയുടെ ലാഭം ഇരട്ടിയിലേറെയാണ് വര്‍ധിച്ചത്. 17,175.23 കോടിയായാണ് ലാഭം ഉയര്‍ന്നത്. 133 ശതമാനമാണ് ലാഭത്തില്‍ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7,271.32 കോടിയായിരുന്നു എച്ച്പിയുടെ ലാഭം. ചരിത്രത്തിലെ ഏറ്റവും വലിയ ലാഭമാണ് എച്ച്പി ഈ വര്‍ഷം നേടിയത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ 14,694 കോടിയായിരുന്നു എച്ച്പിയുടെ ഏറ്റവും ഉയര്‍ന്ന ലാഭം.
റീഫൈനിങ്, മാര്‍ക്കറ്റിങ് മാര്‍ജിന്‍ എന്നിവ മെച്ചപ്പെട്ടതാണ് ഉയര്‍ന്ന ലാഭത്തിനുള്ള കാരണമെന്ന് എച്ച്പി വിശദീകരിച്ചു. യുദ്ധത്തിന് മുമ്പ് ഇക്കാര്യങ്ങളിലെല്ലാം അച്ചടക്കം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
എന്നാല്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദം കമ്പനിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് എച്ച്പിസിഎല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വികാസ് കൗശല്‍ പറഞ്ഞു. ക്രൂഡോയില്‍ വില ഉയര്‍ന്നുനില്‍ക്കുകയും വിതരണശൃംഖലയില്‍ തടസമുണ്ടാകുകയും ചെയ്താല്‍ കമ്പനിക്ക് ആദ്യപാദത്തില്‍ നഷ്ടം നേരിട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധത്തിന്റെ സ്വാധീനം ഈ സാമ്പത്തികവര്‍ഷത്തിലെ ഒന്നാംപാദത്തിലെ ഉണ്ടാവുവെന്നും കമ്പനി വിശദീകരിച്ചു. റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നത് പുനഃരാരംഭിച്ചിട്ടുണ്ടെന്നും ഹോര്‍മുസിലെ പ്രതിസന്ധിമൂലം ഇറാഖ് ഉള്‍പ്പടെയുള്ള വിപണികളില്‍ നിന്ന് എണ്ണ വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
നേരത്തെ പ്രതിദിനം 1600 കോടിയുടെ നഷ്ടം നേരിടുന്നുവെന്ന് എച്ച്പി ഉള്‍പ്പടെയുള്ള പൊതുമേഖല കമ്പനികള്‍ അറിയിച്ചിരുന്നു. യുദ്ധത്തിന് ശേഷമുള്ള നഷ്ടം ഒരു ലക്ഷം കോടിയും കവിഞ്ഞുവെന്നും ഉടന്‍ ഇന്ധനവില കൂട്ടണമെന്നുമാണ് എച്ച്പി അഭ്യര്‍ഥിച്ചത്.

