KSDLIVENEWS

Real news for everyone

മണിപ്പുരിൽ 3 ക്രിസ്ത്യൻ സഭാനേതാക്കളെ വെടിവെച്ചുകൊന്നു; അനിശ്ചിതകാല ഹർത്താൽ പ്രഖ്യാപിച്ച് കുക്കിസംഘടന

SHARE THIS ON

ഇംഫാൽ: സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയായി മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ. കാംഗ്പോക്പി ജില്ലയിൽ അജ്ഞാത സായുധസംഘം വാഹനങ്ങൾക്കുനേരേ നടത്തിയ വെടിവെപ്പിൽ മൂന്ന് ക്രിസ്ത്യൻസഭാനേതാക്കൾ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേറ്റു.

മണിപ്പുർ മുൻ ബാപ്റ്റിസ്റ്റ് കൺവെൻഷൻ (എം.ബി.സി.) ജനറൽ സെക്രട്ടറി റവ. വി. സിത്‌ലൗ ഉൾപ്പെടെ താദൗ ബാപ്റ്റിസ്റ്റ് അസോസിയേഷനിലെ (ടി.ബി.എ.) മൂന്നുനേതാക്കളാണ് കൊല്ലപ്പെട്ടത്. റവ. വി. കൈഗൗലുൻ, പാസ്റ്റർ പാവോഗൗലെൻ എന്നിവരാണ് മരിച്ച മറ്റുരണ്ടുപേർ. ഈയിടെ കൊഹിമയിൽനടന്ന സമാധാനചർച്ചകളിൽ സിത്‌ലൗ പങ്കെടുത്തിരുന്നു.

ലംകയിൽനടന്ന ടി.ബി.എ. കോൺഫറൻസിൽ പങ്കെടുത്തശേഷം ചുരാചന്ദ്പുർ ജില്ലയിൽനിന്ന് രണ്ടുവാഹനങ്ങളിലായി കാംഗ്പോക്പിയിലേക്ക് മടങ്ങുമ്പോഴാണ് സംഘത്തിനുനേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ എസ്.എം ഹൗപു, ഹെകായ് സിംതെ, പൗതാങ്, ഡ്രൈവർമാരായ ലെലൻ, ഗൗമാങ് എന്നിവർ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് മണിപ്പുരിലെ ദേശീയപാത-2 പ്രതിഷേധക്കാർ ഉപരോധിച്ചു. ഇതോടെ നാഗാലാൻഡുമായുള്ള ഗതാഗത ബന്ധം നിലച്ചു.

കാംഗ്പോക്പിയിലും പരിസരത്തുമുള്ള കുക്കി-സോ വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലും സംഘർഷം പടർന്നു. സംഭവത്തിൽ താദൗ നേതാവും മണിപ്പുർ ബി.ജെ.പി. വക്താവുമായ മൈക്കൽ ലംജാതാങ് അനുശോചിച്ചു. താദൗ സമൂഹം പ്രത്യേക വിഭാഗമാണെന്നും കുക്കി ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

സഭാനേതാക്കളെ ക്രൂരമായി വധിച്ചതിനെ അപലപിച്ച് കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ചുരാചന്ദ്പുരിൽ അനിശ്ചിതകാല ഹർത്താൽ പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സച്ചെലവും സംസ്ഥാന സർക്കാർ വഹിക്കും.

നാല് തീവ്രവാദികൾ അറസ്റ്റിൽ

മണിപ്പുരിലെ മൂന്ന് ജില്ലകളിൽ നിന്നായി നിരോധിത സംഘടനകളിൽപ്പെട്ട നാല് തീവ്രവാദികളെ സുരക്ഷാ സേന ബുധനാഴ്ച അറസ്റ്റുചെയ്തു. തിങ്കളാഴ്ച ബിഷ്ണുപുർ ജില്ലയിലെ മൊയ്‌രാങ് പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് സുരക്ഷാസേന സ്ഫോടകവസ്തുക്കൾ കണ്ടെടുത്തിരുന്നു.

ആരോപണങ്ങൾ തള്ളി മെയ്ത്തിസംഘടന

കൊലപാതകത്തിനുപിന്നിൽ തങ്ങളാണെന്ന ആരോപണം തള്ളി മെയ്ത്തി സംഘടനയായ അറംബായ് ടെംഗോൾ രംഗത്തെത്തി. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മെയ്ത്തി വിഭാഗക്കാരെ തടഞ്ഞുവെച്ചിട്ടുണ്ടെന്ന വാർത്ത പുറത്തുവന്നതിനുപിന്നാലെയാണ് പ്രതികരണം.

error: Content is protected !!