ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയുടെ 42 സൈനിക വിമാനങ്ങൾ തകർന്നു: 29 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടവും; റിപ്പോർട്ട് പുറത്ത്

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉൾപ്പെടെ കുറഞ്ഞത് 42 സൈനിക വിമാനങ്ങൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി യു എസ് കോൺഗ്രസിനായി തയ്യാറാക്കിയ റിപ്പോർട്ടിൽ വെളിപ്പെടുത്തൽ. കോൺഗ്രഷണൽ റിസർച്ച് സർവീസ് (സി ആർ എസ്) തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. നിലവിലെ യുദ്ധസാഹചര്യങ്ങളും വിവരങ്ങളുടെ വർഗ്ഗീകരണ നിയന്ത്രണങ്ങളും കാരണം വിമാനങ്ങളുടെ നഷ്ടം ഇനിയും ഉയർന്നേക്കാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയുടെ ഏറ്റവും അത്യാധുനികമായ നാല് എഫ് 15ഇ സ്ട്രൈക്ക് ഈഗിൾ ഫൈറ്റർ ജെറ്റുകൾ, ഒരു എഫ് 35എ ലൈറ്റ്നിംഗ് II സ്റ്റെൽത്ത് ഫൈറ്റർ, ഒരു എ 10 തണ്ടർബോൾട്ട് II അറ്റാക്ക് എയർക്രാഫ്റ്റ്, ഏഴ് കെസി 135 സ്ട്രാറ്റോടാങ്കർ റീഫ്യുവലിംഗ് വിമാനങ്ങൾ, ഒരു ഇ 3 സെൻട്രി അവാക്സ് നിരീക്ഷണ വിമാനം, രണ്ട് എംസി 130ജെ കമാൻഡോ II സ്പെഷ്യൽ ഓപ്പറേഷൻസ് വിമാനങ്ങൾ, ഒരു എച്ച്എച്ച് 60ഡബ്ല്യു ജോളി ഗ്രീൻ II റെസ്ക്യു ഹെലികോപ്റ്റർ, 24 എംക്യു 9 റീപ്പർ ഡ്രോണുകൾ, ഒരു എംക്യു 4സി ട്രൈറ്റൺ ഉയർന്ന സമുദ്ര നിരീക്ഷണ ഡ്രോൺ എന്നിവയാണ് നഷ്ടപ്പെട്ട വിമാനങ്ങളുടെ പട്ടികയിലുള്ളത്.
‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന പേരിൽ ഇറാനെതിരെ നടത്തുന്ന സൈനിക നടപടികളുടെ ചെലവ് ഇതിനകം തന്നെ 29 ബില്യൺ ഡോളറായി ഉയർന്നതായി പെന്റഗൺ ധനകാര്യ വിഭാഗം മേധാവി ജൂൾസ് ഹർസ്റ്റ് III വ്യക്തമാക്കിയിട്ടുണ്ട്. കേടുപാടുകൾ സംഭവിച്ച ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പുനഃസ്ഥാപിക്കുന്നതിനുമുള്ള ചെലവുകൾ കണക്കാക്കിയതിനാലാണ് തുക ഇത്രയധികം വർദ്ധിച്ചത്.
ഫെബ്രുവരി 28 നാണ് യു എസും ഇസ്റാഈലും സംയുക്തമായി ഇറാന്റെ സൈനിക താവളങ്ങളും മിസൈൽ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചത്. ആക്രമണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. എന്നാൽ അമേരിക്കൻ സൈന്യത്തിന് സംഭവിച്ച വിമാനങ്ങളുടെ നഷ്ടം സംബന്ധിച്ച കണക്കുകൾ പുറത്തുവന്നതോടെ യുദ്ധത്തിന്റെ യഥാർത്ഥ ചെലവുകളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരിക്കുകയാണ്. യു എസ് പ്രതിരോധ വകുപ്പ് ഔദ്യോഗികമായി യുദ്ധനഷ്ടങ്ങൾ പുറത്തുവിടാത്ത സാഹചര്യത്തിൽ പെന്റഗൺ പ്രസ്താവനകളും മാധ്യമ റിപ്പോർട്ടുകളും പരിശോധിച്ചാണ് സി ആർ എസ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
അമേരിക്കയുടെ വ്യോമാധിപത്യത്തെ തങ്ങൾ വിജയകരമായി പ്രതിരോധിച്ചുവെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി അവകാശപ്പെട്ടു. ചരിത്രത്തിലാദ്യമായാണ് അതീവ സുരക്ഷയുള്ള എഫ് 35 വിമാനം വെടിവെച്ചിടുന്നതെന്നും ഡൊണാൾഡ് ട്രംപ് സൈനിക നടപടി തുടർന്നാൽ കൂടുതൽ തിരിച്ചടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡ്രോണുകളും ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളും കാരണം ആധുനിക യുദ്ധമുഖത്ത് വൻകിട ശക്തികൾ നേരിടുന്ന വെല്ലുവിളികളാണ് ഈ റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്.

