മഞ്ഞക്കുറ്റികള്‍ മാറ്റും; കെ-റെയില്‍ വിജ്ഞാപനം റദ്ദാക്കിയതായി ഭൂവുടമകളെ അറിയിക്കുമെന്ന് റവന്യൂമന്ത്രി

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതി പൂർണമായി റദ്ദാക്കിയതിന് പിന്നാലെ മേല്‍നടപടികളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ.
പദ്ധതിക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ സമയബന്ധിതമായി മാറ്റിത്തുടങ്ങുമെന്ന് റവന്യൂമന്ത്രി എ.പി. അനില്‍കുമാർ അറിയിച്ചു. കെ-റെയില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിജ്ഞാപനം റദ്ദാക്കിയ വിവരം ഭൂവുടമകളെ ഔദ്യോഗികമായി അറിയിക്കും. എല്ലാവർക്കും പട്ടയം എന്നതാണ് യുഡിഎഫ് സർക്കാരിന്റെ നയമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി. കെ-റെയില്‍ പദ്ധതി പൂർണമായി ഉപേക്ഷിച്ചതായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചത്.
കെ-റെയില്‍ പദ്ധതിക്കെതിരെ സമരം ചെയ്ത ജനങ്ങള്‍ക്കെതിരെയുള്ള പൊലീസ് കേസുകള്‍ പുതിയ യു.ഡി.എഫ് സർക്കാർ പിൻവലിക്കും. പരിസ്ഥിതി പ്രശ്നങ്ങളും പ്രായോഗികതയും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും ജനങ്ങളും ശക്തമായ സമരം നടത്തിയിട്ടും മുൻ ഇടത് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു. സമരക്കാർക്കെതിരെ അന്ന് വലിയ രീതിയിലുള്ള പൊലീസ് നടപടികളുണ്ടായി. ഈ കേസുകളെല്ലാം റദ്ദാക്കാനാണ് പുതിയ സർക്കാരിന്റെ തീരുമാനം.
കാസർകോട് മുതല്‍ തിരുവനന്തപുരം വരെ 11 സ്റ്റേഷനുകളുമായി നാല് മണിക്കൂർ കൊണ്ട് യാത്ര ചെയ്യാവുന്ന പദ്ധതിയായിരുന്നു കെ-റെയില്‍. തങ്ങള്‍ അതിവേഗ പാതയ്ക്ക് എതിരല്ലെന്നും, എന്നാല്‍ പ്രായോഗികമായ ബദല്‍ മാർഗങ്ങള്‍ ആലോചിച്ച ശേഷം മാത്രമേ ഇനി മുന്നോട്ട് പോകൂ എന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.

