രത്തൻ യു ഖേൽക്കർ കാര്യശേഷിയുള്ള ഉദ്യോഗസ്ഥൻ; സെക്രട്ടറി നിയമനത്തിൽ പുനരാലോചന വേണ്ടെന്ന് സർക്കാർ

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായിരുന്ന രത്തൻ യു.കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിൽ വിമർശനം തുടർന്ന് സിപിഎമ്മും ബിജെപിയും. രാഹുൽഗാന്ധിയെ ഉന്നമിട്ട് ബിജെപി ദേശീയ നേതൃത്വവും രംഗത്തിറങ്ങിയതോടെ, വിഷയം ദേശീയതലത്തിലും ചർച്ചയായി. അധികാരമേറ്റ ശേഷം സർക്കാരിനെതിരെ പ്രതിപക്ഷം സംയുക്തമായി ഉന്നയിക്കുന്ന ആദ്യ ആരോപണമാണിത്.
ഇതിനിടെ, പുതിയ പദവിയിൽ രത്തൻ ചുമതലയേറ്റു. ഇന്നു രാവിലെ 11നു മന്ത്രിസഭാ യോഗം ചേരുന്നതിനാലാണു ഞായറാഴ്ചയായിട്ടും ഇന്നലെ ചുമതലയേറ്റത്. മന്ത്രിസഭാ യോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റ് ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച ചെയ്തു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും.
ബംഗാളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ ചീഫ് സെക്രട്ടറി പദവിയിൽ നിയമിച്ചപ്പോൾ വിമർശിച്ച രാഹുൽ ഗാന്ധി കേരളത്തിന്റെ കാര്യത്തിൽ മൗനം പാലിക്കുകയാണെന്നു ബിജെപി ദേശീയ നേതൃത്വം ആരോപിച്ചു. നിയമനം ദുരൂഹമാണെന്ന് ആരോപിച്ച സിപിഎം, പിന്നിൽ കോൺഗ്രസും തിരഞ്ഞെടുപ്പു കമ്മിഷനും തമ്മിലുള്ള ഡീൽ ആണെന്ന ആക്ഷേപവും ഉന്നയിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സിപിഎമ്മിനെതിരെ കോൺഗ്രസ് ആയുധമാക്കിയ ഡീൽ ആരോപണമാണ് കേൽക്കർ വിഷയത്തിൽ സിപിഎം തിരിച്ചു പ്രയോഗിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ച ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യംചെയ്യുന്ന നടപടിയായും പാർട്ടി കാണുന്നു. കമ്മിഷൻ യുഡിഎഫിനു വേണ്ടി പ്രവർത്തിച്ചെന്ന ആരോപണത്തിൽ സിപിഎം ഉറച്ചുനിൽക്കുകയാണ്. അത് എങ്ങനെയെന്ന ചോദ്യത്തിന് പക്ഷേ, മറുപടിയില്ല.
അതേസമയം, രത്തന്റെ കാര്യത്തിൽ പുനരാലോചന വേണ്ടെന്ന നിലപാടിലാണു സർക്കാർ. ബംഗാളിലേതുമായി നിയമനത്തെ താരതമ്യം ചെയ്യാനാവില്ലെന്നും വാദിക്കുന്നു. രത്തൻ കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെന്നും അതു മാത്രമാണ് നിയമനത്തിന്റെ മാനദണ്ഡമെന്നുമാണു സർക്കാരിന്റെ നിലപാട്. ബംഗാളിൽ ലക്ഷക്കണക്കിനാളുകളെ വോട്ടർപട്ടികയിൽനിന്നു പുറത്താക്കിയെന്ന ആരോപണം അവിടത്തെ തിരഞ്ഞെടുപ്പ് ഓഫിസർ നേരിട്ടിരുന്നുവെന്നും ഇവിടെ അങ്ങനെയൊരു പരാതിയില്ലെന്നും കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

