പാറ്റകൾ തെരുവിലേക്ക്: ജൂൺ 6ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് അഭിജീത് ദിപ്കെ

ന്യൂഡൽഹി: ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർടി (സിജെപി) പ്രതിഷേധവുമായി തെരുവിലേക്കിറങ്ങുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 6 ന് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം. സമാധാനപരമായ പ്രതിഷേധം നടത്തുമെന്നാണ് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.
ഇന്ത്യയിലെ യുവാക്കൾ ഈ പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സിബിഎസ്ഇ മൂല്യ നിർണയത്തിലെ പാളിച്ച തുടങ്ങിയവയിലൂടെ രാജ്യത്തെ യുവജനങ്ങളുടെ ജീവിതത്തിൽ കേന്ദ്ര സർക്കാർ വെല്ലുവിളിയുയർത്തുന്നു. നീറ്റ് (NEET), സിബിഎസ്ഇ (CBSE), സിയുഇടി (CUET), എസ്എസ്സി ജിഡി (SSC GD) എന്നീ പരീക്ഷകളിലായി 1 കോടിയിലധികം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ പ്രശ്നങ്ങൾ കാരണം ചില വിദ്യാർഥികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.
വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ ഓൺലൈൻ നിവേദനത്തിൽ 8 ലക്ഷത്തിലധികം ഒപ്പുകൾ ലഭിച്ചിട്ടും ധർമേന്ദ്ര പ്രധാൻ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിസമ്മതിച്ചിരുന്നു. സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സർക്കാർ സംവിധാനങ്ങളുടെ പരാജയം സമ്മതിച്ച് മന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ജൂൺ 6ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തും. അണികളോട് വിമാനത്താവളത്തിൽ വെച്ച് ഒപ്പം ചേരാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അനുമതി വാങ്ങുന്നതിനായി എല്ലാവരും ഒന്നിച്ച് ‘പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക്’ പോകുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. സമാധാനപരമായി ശബ്ദമുയർത്താനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ടെന്നും, ആ അവകാശം വിനിയോഗിച്ചാണ് ഈ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലൂടെ മീമുകളും ട്രോൾ പോസ്റ്റുകളുമായി കേന്ദ്ര സർക്കാർക്കാരിന്റെ വീഴ്ചകളെ സിജെപി ഹാൻഡിലുകൾ ശക്തമായി വിമർശിച്ചിരുന്നു. ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ഓൺലൈൻ വഴി കാമ്പയിനും ഒപ്പുശേഖരണവും നടത്തിയിരുന്നു. പിന്നാലെ ദേശീയ സുരക്ഷാ ആശങ്കകൾ മുൻനിർത്തി ഐടി ആക്ട് പ്രകാരം സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ അക്കൗണ്ട് തടഞ്ഞുവെച്ചിരുന്നു. സിജെപിയുടെ അക്കൗണ്ടുകൾക്കും സമാന പ്രതിസന്ധികൾ നേരിടേണ്ടി വന്നു.
ശനിയാഴ്ച നടത്താനിരിക്കുന്ന പ്രതിഷേധം വിദ്യാഭ്യാസ സമ്പ്രദായത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ഉറപ്പാക്കാനും സഹായിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അഭിജീത് ദിപ്കെ പറയുന്നു. സോഷ്യൽ മീഡിയയിലെ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് യഥാർഥത്തിൽ തെരുവിലിറങ്ങുമോ എന്ന പരീക്ഷണം കൂടിയാണിത്.

