നീലേശ്വരത്തിന്റെ നെഞ്ചുപിളർത്തി എംബാങ്ക്മെന്റ്! മതിൽകെട്ടി വേർതിരിക്കുന്നതിരെ ജനം; ഇങ്ങനൊരു സമരം രാജ്യത്ത് ആദ്യം

നീലേശ്വരം: ജില്ലയിലെ നഗരസഭകളിൽ രണ്ടിടത്തു മാത്രമാണ് ദേശീയപാത പ്രധാന ടൗണിലൂടെ കടന്നുപോകുന്നത്. കാസർകോടും നീലേശ്വരത്തും. ജില്ലാ ആസ്ഥാനം കൂടിയായ കാസർകോട് ടൗണിൽ ഈ പരിഗണന നൽകിയാണ് മനോഹരമായ എലിവേറ്റഡ് ബ്രിജ് നിർമിച്ചത്. ഇതോടെ കാസർകോട് നഗരത്തിന്റെ മുഖഛായ തന്നെ മാറി. വാഹനം പാർക്ക് ചെയ്യാനും മറ്റുമായി പാലത്തിനു താഴെ ആവശ്യാനുസരണം സ്ഥലം ലഭ്യമായപ്പോൾ അവിടെ ജനജീവിതം സുഗമമായി.
പക്ഷേ നീലേശ്വരം നഗരസഭയിൽ 1957ൽ നിർമിച്ച ജീർണാവസ്ഥയിലുള്ള പഴയ പാലം പൊളിച്ച് പുതിയത് നിർമിക്കണമെന്നുപോലും ദേശീയപാത അതോറിറ്റിക്ക് തോന്നിയില്ല. നഗരഹൃദയത്തിൽ മണ്ണിട്ടുയർത്തിയ പാത (എംബാങ്ക്മെന്റ് ബ്രിജ്) മതി എന്ന് അവർ തീരുമാനിച്ചു. നീലേശ്വരത്തുകാരുടെ വികസന സ്വപ്നങ്ങൾ അട്ടിമറിക്കപ്പെട്ടു. ഗതാഗതക്കുരുക്കിൽ പെട്ട് ശ്വാസം മുട്ടുകയാണ് ഇന്ന് നീലേശ്വരം നഗരം.
കോട്ടപ്പുറം റോഡ് തൊട്ട് മന്ദംപുറം പെട്രോൾ പമ്പ് വരെ വെറും 360 മീറ്റർ മീറ്റർ മാത്രം എലിവേറ്റഡ് ബ്രിജ് നിർമിച്ചാൽ നീലേശ്വരത്തിന് പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാൻ പറ്റും. ഇത്രയും ദൂരം എലിവേറ്റഡ് ബ്രിജ് നിർമിക്കാനുള്ള ചെലവ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി വിശദമായ റപ്രസന്റേഷൻ 2023ൽ തന്നെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് സമർപ്പിച്ചിട്ടുണ്ട് എങ്കിലും അനുകൂല തീരുമാനം വന്നിട്ടില്ല. അശാസ്ത്രീയമായ നിർമാണം കാരണം ദേശീയപാത സർവീസ് റോഡ് ഒരു മഴ പെയ്താൽ തന്നെ വെള്ളത്തിൽ മുങ്ങുകയാണ്. മണ്ണിട്ടുയർത്തിയ പാതയിൽനിന്ന് മണ്ണ് കലങ്ങിയ വെള്ളം ഉറവ പോലെ പുറത്തേക്കൊഴുകുകയും ചെയ്യുന്നു. നിലേശ്വരത്ത് ഗതാഗതക്കുരുക്കും പതിവായി.
ചതുപ്പിൽ എംബാങ്ക്മെന്റ് അഥവാ അപകടക്കെട്ട്
മാർക്കറ്റിലെ പുഴയിൽ നിന്ന് ദേശീയപാതയ്ക്ക് സമാന്തരമായി ഇരുഭാഗത്തുമുണ്ടായിരുന്ന ചാൽ മണ്ണിട്ടു മൂടിയാണ് ഇവിടെ ദേശീയപാതാ നിർമാണം നടക്കുന്നത്. 1997ൽ പുഴ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടായ നെടുങ്ങണ്ട മുതലുള്ള ചതുപ്പുസ്ഥലത്താണ് നിർമാണം. മലപ്പുറം കൂരിയാട് വയലിൽ നിർമിച്ച എംബാങ്ക്മെന്റ് ബ്രിജ് തകർന്നത് ഇത്തരം നിർമാണങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്. നിലേശ്വരത്തു റോഡ് നിർമാണത്തിനിടെ മണ്ണുമാന്തി യന്ത്രം ചതുപ്പിൽ താഴ്ന്നതും പല സ്ഥലത്തും രൂപപ്പെടുന്ന വിള്ളലുകളും ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു. നെടുങ്ങണ്ടയിലും കഴിഞ്ഞ വർഷം നിർമാണത്തിനിടെ ദേശീയപാത ഇടിഞ്ഞു താണിരുന്നു. ജിഐഎസ് പോലെയുള്ള നൂതന ഉപഗ്രഹ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പ്രദേശത്ത് ശാസ്ത്രീയ പരിശോധന വേണം എന്നതാണ് ജനങ്ങളുടെ ആവശ്യം.
ജനം ചോദിക്കുന്നു: പഴയപാലം പൊളിക്കാത്തതെന്തേ?
∙ 2023 സെപ്റ്റംബർ 18ന് പിഡബ്ല്യുഡി സെക്രട്ടറി, ഇൻലാൻഡ് നാവിഗേഷൻ അധികൃതർ, ദേശീയപാത അതോറിറ്റി റീജനൽ ഓഫിസർ എന്നിവർ തിരുവനന്തപുരത്ത് നടത്തിയ യോഗത്തിന്റെ മിനിറ്റ്സ് പ്രകാരം 1957ൽ നിർമിച്ച മാർക്കറ്റിലെ പഴയപാലം പൊളിക്കണം. സമീപത്തുതന്നെ ഇൻലാൻഡ് നാവിഗേഷൻ നിഷ്കർഷിക്കുന്ന രീതിയിൽ ഉയരം കൂട്ടി പുതിയ പാലം നിർമിക്കണമെന്നും തീരുമാനമെടുത്തിട്ടുണ്ട്.
എന്നാൽ, 68 വർഷം പഴക്കമുള്ള നീലേശ്വരം പാലം നിലനിർത്തുകയാണു ചെയ്തത്. 1996ൽ ബ്രിജ് ഇൻസ്പെക്‌ഷൻ യൂണിറ്റിന്റെ പരിശോധനയ്ക്കു ശേഷം വലിയ തുക ചെലവാക്കി ബലപ്പെടുത്തിയതിനാലാണ് 70 വർഷത്തോളം പ്രായമുള്ള പാലം ഇന്നും നിലനിൽക്കുന്നത്. ആറുവരിപ്പാതയുടെ ഡിപിആർ സ്കെച്ചിൽ മാർക്കറ്റ് ജംക്‌ഷനിൽ വിഭാവനം ചെയ്ത 2 പാലങ്ങളും അതിന്റെ നടുവിലായി പൊളിച്ചു മാറ്റേണ്ട പഴയ പാലവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഡിപിആറിൽ പറഞ്ഞ പ്രകാരം പുതിയ പാലങ്ങൾ നിർമിക്കാൻ എന്താണ് തടസ്സമെന്നാണ് ജനങ്ങളുടെ ചോദ്യം.
എലിവേറ്റഡ് ബ്രിജിന് തടസ്സമെന്ത് ?
ആദ്യ ഡിപിആറിൽ പുഴയ്ക്കു കുറുകെയുള്ള പാലത്തിന് ഉയരം കുറവായിരുന്നതിനാൽ മാർക്കറ്റ് ജംക്‌ഷനിൽ (ചെയ്നേജ് നമ്പർ 91/500) 4.9 മീറ്റർ മാത്രമേ ഉയരം ലഭിച്ചിരുന്നുള്ളു. അടിപ്പാതയ്ക്ക് ആവശ്യമായ 8.4 മീ മീറ്റർ ഉയരം പൊലീസ് സ്റ്റേഷനു മുൻപിൽ (ചെയ്നേജ് നമ്പർ 91/730) ലഭിക്കും എന്നതിനാലാണ് അവിടെ അടിപ്പാത നിർമിക്കാൻ തീരുമാനിച്ചത്. എന്നാൽ, നീലേശ്വരം പുഴയിലൂടെ ബോട്ടുകൾക്കു കടന്നുപോകുന്നതിനായി ഇൻലാൻഡ് നാവിഗേഷൻ നിഷ്കർഷിക്കുന്ന ഉയരത്തിൽ പാലം പുതുക്കി നിർമിച്ചപ്പോൾ മാർക്കറ്റ് ജംക്‌ഷനിൽ തന്നെ 8.6 മീറ്ററോളം ഉയരം ലഭിക്കുന്ന സ്ഥിതിയുണ്ടായി. ഇതോടെ എലിവേറ്റഡ് ബ്രിജിനുള്ള സാധ്യതയുണ്ടായിട്ടും മാർക്കറ്റിൽ മണ്ണിട്ടുയർത്തിയുള്ള നിർമാണം തുടർന്നു എന്നതാണ് സ്ഥിതി ഇത്ര വഷളാക്കിയത്.

