KSDLIVENEWS

Real news for everyone

എരണംകെട്ടവൻ നാട് ഭരിച്ചാൽ..’; കെ. മുരളീധരന്റെ 2021-ലെ പ്രസംഗം ഓർമിപ്പിച്ച് വീണ ജോർജ്

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ 2021-ലെ പ്രസംഗം ചർച്ചയാകുന്നു. ‘എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയു’മെന്ന കെ. മുരളീധരന്റെ പരാമർശമാണ് സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്നത്. മുൻ ആരോഗ്യമന്ത്രി വീണാ ജോർജും കെ. മുരളീധരന്റെ പ്രസംഗത്തെ ഫേയ്സ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചു.

‘കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ പ്രസംഗം ഇന്നു പലരും അയച്ചുതന്നു. അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല. ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ’ എന്നായിരുന്നു വീണാ ജോർജ് ഫേയ്സ്ബുക്കിൽ കുറിച്ചത്.

‘എരണം കട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും. ഓണമാഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേൾക്കാത്ത രോഗങ്ങൾ. വവ്വാൽ ആണത്രെ നിപ പരത്തുന്നത്. കെ. കരുണാകരനും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും ഭരിച്ച കാലത്ത് വവ്വാൽ ഉണ്ടായിരുന്നില്ലേ ഈ നാട്ടിൽ. ഭരിക്കുന്നവൻ ശരിയല്ലാത്തതുകൊണ്ടാണ് ഇപ്പോൾ രോഗം പരക്കാൻ കാരണം’, എന്നായിരുന്നു അന്ന് കെ. മുരളീധരൻ പ്രസംഗിച്ചത്.

വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്:

സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ചിരിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ.മുരളീധരൻ നടത്തിയ പ്രസംഗം ഇന്ന് പലരും അയച്ചു തന്നു. അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല. ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ.

രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം. അതിന് ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഇടതുപക്ഷസമീപനം. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബിയോളജി ലാബിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് നിപരോഗം സ്ഥിരീകരിച്ചത്. രോഗിക്ക് കൃത്യമായ ചികിത്സ നൽകുന്നതിനൊപ്പം രോഗവ്യാപനം ഇല്ല എന്നുറപ്പാക്കാനും രോഗപ്രതിരോധത്തിനും നടപടികൾ സ്വീകരിക്കണം. അനുഭവങ്ങങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ശാസ്ത്രീയമായി നാം ചിട്ടപ്പെടുത്തിയ ചികിത്സ പ്രോട്ടോക്കോളും രോഗപ്രതിരോധ ഗൈഡ്‌ലൈനും കേരളത്തിനുണ്ട്.

എൻഐവി പൂനെയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതിനു മുൻപ് തന്നെ നമ്മുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഷിഗെല്ല രോഗം സംസ്ഥാനത്ത് പടരുന്ന സാഹചര്യവും അതീവ ഗൗരവത്തോടെ കാണ്ടേണ്ടതുണ്ട്. ആദ്യമായിട്ടാണ് ഇത്രയുമധികം ഷിഗെല്ല കേസുകൾ കേരളത്തിൽ ഉണ്ടാകുന്നത്. കുഞ്ഞുങ്ങൾ , പ്രായമുള്ളവർ , മറ്റു രോഗങ്ങളുള്ളവർ എന്നിവരിൽ ഷിഗെല്ല ഗുരുതരമാകും. രോഗത്തിന്റെ സാമൂഹിക വ്യാപനം കൂടുതൽ ഉണ്ടാകാതിരിക്കാൻ നടപടികൾ കൈക്കൊള്ളണം. പകർച്ചവ്യാധികൾക്കെതിരെ നമുക്ക് പ്രതിരോധം തീർക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!