കർണാടകയിൽ വസ്ത്രവ്യാപാരി ഭാര്യയേയും മകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി; സർക്കാരിന്റെ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര തന്റെ കച്ചവടം നഷ്ടമാക്കിയെന്ന് ആത്മഹത്യാ കുറിപ്പ്

ബംഗളൂരു: കർണാടക സർക്കാരിൻ്റെ സൗജന്യ ബസ് യാത്രാ പദ്ധതി കാരണം തന്റെ കച്ചവടത്തിൽ നഷ്ടം വന്നുവെന്ന ആരോപണം ഉന്നയിച്ച് മകനെയും ഭാര്യയെയും കൊലപ്പെടുത്തി വ്യവസായി ജീവനൊടുക്കി. സ്വന്തം കടയിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു. ചൊവ്വാഴ്‌ച പുലർച്ചെ കർണാടക മാണ്ഡ്യയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 65-കാരനായ പ്രഭാകരൻ എന്ന വസ്ത്ര വ്യാപാരിയാണ് മരിച്ചത്. ഭാര്യ ജ്യോതി (55), മകൻ സന്തോഷ് (30) എന്നിവരെ വീട്ടിൽ വെച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശേഷം പുലർച്ചെ 3.30 ഓടെ നെഹ്റു നഗറിലുള്ള തന്റെ കടയിൽ പോയി തൂങ്ങിമരിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കടയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ആത്മഹത്യാക്കുറിപ്പിലാണ് താൻ മരിക്കുന്നതിൻ്റെ കാരണം പറഞ്ഞിരിക്കുന്നത്. സ്ത്രീകൾ നാട്ടിൽനിന്ന് തുണിത്തരങ്ങൾ വാങ്ങുന്നതിന് പകരം നഗരങ്ങളിലേക്ക് പോയി സാധനങ്ങൾ വാങ്ങാൻ തുടങ്ങിയതോടെ തന്റെ ബിസിനസിൽ വൻ നഷ്ടമുണ്ടാക്കിയതെന്നും, ഇതേത്തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് എടുത്ത വായ്‌പ തിരിച്ചടയ്ക്കാൻ കഴിയാതെ പോയെന്നും കുറിപ്പിൽ പറയുന്നു. മകൻ സന്തോഷിന്റെ വിവാഹം കഴിഞ്ഞിട്ട് അധിക നാളുകൾ ആയിരുന്നില്ല. ദുരന്തം നടക്കുമ്പോൾ സന്തോഷിന്റെ ഭാര്യ നല്ല ഉറക്കത്തിലായിരുന്നു. രാവിലെ അമ്മായിയമ്മയെ വിളിക്കാൻ മുറിയിൽ ചെന്നപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടത്.
തുടർന്ന് അവർ അയൽക്കാരെയും ബന്ധുക്കളെയും വിവിരമറിയിച്ചു. തുടർന്ന് പൊലീസെത്തി മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ബിസിനസ്സ് പൊളിഞ്ഞതിനാൽ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിന് ഭവനവായ്‌പയുടെ പലിശ നൽകാൻ കഴിഞ്ഞിരുന്നില്ല. വായ്‌പ തിരിച്ചടച്ചില്ലെങ്കിൽ ഈ സ്ഥാപനത്തിലെ ഏജന്റുമാർ വീട്ടിലെത്തി കുടുംബത്തെ മാനസികമായി പീഡിപ്പിക്കും. കുടുംബത്തിൻ്റെ അന്തസ്സിന് ഭംഗം വരുമെന്നും മാനഹാനി സംഭവിക്കാമെന്നും ഭയന്നാണ് താൻ ഈ കടുംകൈ ചെയ്‌തതെന്നുമാണ് വ്യാപാരിയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്.

