ഗ്യാരേജിലും റോഡരികിലും നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ ഒരാള്‍ ചെര്‍ക്കളയില്‍ പിടിയില്‍; കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു

കാസർകോട്: ഗ്യാരേജിലും റോഡരികിലും നിർത്തിയിട്ട ലോറികളിൽ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. ആലമ്പാടി തൈവളപ്പിലെ ഷമീർ(50) ആണ് കുമ്പള പൊലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ മാസം കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ സീതാംഗോളി, നായിക്കാപ്പ്, നാരായണമംഗലം, ഭാസ്കരനഗർ, പെർവാഡ് എന്നിവടങ്ങളിൽ നടന്ന ബാറ്ററി മോഷണ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പെർവാഡിലെ ഗ്യാരേജിൽ നിർത്തിയിട്ട മൂന്നു ലോറികളിൽ നിന്ന് ബാറ്ററികൾ മോഷണം പോയിരുന്നു.
സീതാംഗോളി, നായിക്കാപ്പ്, നാരായണമംഗലം, ഭാസ്കര നഗർ എന്നിവടങ്ങളിൽ റോഡരികിൽ നിർത്തിയിട്ട ലോറികളിൽ നിന്നും ബാറ്ററി കവർന്നിരുന്നു. നാരായണമംഗലത്ത് മൂന്നുലോറികളിലെ ബാറ്ററികളാണ് സംഘം കവർന്നത്. പരാതികളെ തുടർന്ന് കുമ്പള പൊലീസ് അന്വേഷണം ഊർജിതമാക്കി വരികയായിരുന്നു. എഎസ്പിയുടെ നിർദേശ പ്രകാരം കുമ്പള സിഐ ബൈജു കെ ജോസ്, എസ് ഐമാരായ പി പി ഷമീൽ, അനന്തകൃഷ്ണൻ ആർ മോനോൻ, സിവിൽ പൊലീസ് ഓഫീസറായ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് ചെർക്കളയിൽ നടന്ന റെയ്ഡിലാണ് ഷമീറിനെ പിടികൂടിയത്. ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയാണ് മോഷ്ടാക്കൾ ബാറ്ററി മോഷണം നടത്തിവരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ കൂട്ടുപ്രതികളായ ചെർക്കളയിലെ മജീദ്, ഫവാസ്, കൊലക്കേസ് പ്രതിയായ ഫാറൂഖ് എന്നിവരെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

