ട്രെയിനിൽനിന്നു വീണ് അപകടം: ഇരുകാലുകളും നഷ്ടമായ അർഷാദിന് കല്ലട്ര മാഹിൻ എംഎൽഎ വീടൊരുക്കും

അമ്പലപ്പുഴ: ട്രെയിനിൽ നിന്നു വീണു പരുക്കേറ്റതിനെ തുടർന്ന് ഇരുകാലുകളും മുറിച്ചു നീക്കിയ ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അർഷാദിന് (24) കല്ലട്ര മാഹിൻ എംഎൽഎ 5 സെന്റ് സ്ഥലം നൽകും. തുടർന്ന് സുമനസുകളുടെ സഹായത്തിൽ വീടും നിർമിച്ചു നൽകുമെന്ന് അദ്ദേഹം അറിയിച്ചു. കാസർകോട് ചെമ്മനാട് പഞ്ചായത്തിലെ കോളിയടുക്കത്ത് മാഹീൻ ഹാജിയുടെ കുടുംബ വക സ്ഥലമാണ് ഇവർക്ക് നൽകുക.
കുടുംബത്തിനു സ്ഥലവും വീടും നിർമിച്ച് നൽകാൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാഹീൻ ഹാജിയോടു ആവശ്യപ്പെട്ടിരുന്നു. അർഷാദിന്റെയും കുടുംബത്തിന്റെയും വാർത്ത മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടത്. വൈകാതെ വീട് യാഥാർഥ്യമാക്കുമെന്ന് മാഹീൻ ഹാജി അറിയിച്ചു. ആശുപത്രിയിൽ എത്തിയ വിവരം അറിഞ്ഞതു മുതൽ മാഹിൻ ഹാജി സഹായവുമായി കുടുംബത്തിനു ഒപ്പമുണ്ട്.
കഴിഞ്ഞ ചൊവ്വ മാരാരിക്കുളം റെയിൽവേ സ്റ്റേഷനിൽ വച്ചുണ്ടായ അപകടത്തിലാണ് അർഷാദിന്റെ കാലുകൾക്ക് പരുക്കേറ്റത്. അർഷാദിന്റെ നില മെച്ചപ്പെട്ടു വരുന്നതായി ഡോക്ടർമാർ അറിയിച്ചു. അമ്മ ആയിഷയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ അർഷാദിനെ പരിചരിക്കുന്നത്. സീതംഗോളി നഗരത്തിൽ തോർത്തു വിറ്റാണ് ആയിഷയും മകനും ജീവിച്ചു വന്നത്. വാടക വീട്ടിലാണ് താമസിക്കുന്നത്. കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു.എം.കബീർ, ജില്ലാ ട്രഷറർ സാദിഖ് അരീപ്പുറം, ഹാഷിം വണ്ടാനം എന്നിവരും സഹായത്തിനായി ആശുപത്രിയിൽ ഉണ്ട്.

