തൊപ്പി ഗ്യാങ്ങിനെതിരെ അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്; നടപടി അഭിഭാഷകന്റെ പരാതിയിൽ

കോഴിക്കോട്: തൊപ്പി ഗ്യാങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന്റേതാണ് ഉത്തരവ്. കേരള സംസ്ഥാന സൈബർ ഓപ്പറേഷൻസ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണത്തിന്റെ ചുമതല.
പോക്സോ കേസുകൾ, നർക്കോട്ടിക്, എംഡിഎംഎ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങൾ, അശ്ലീല പ്രചരണം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ആരോപണങ്ങളിലാണ് തൊപ്പിയെന്ന നിഹാദിനും സുഹൃത്തുക്കൾക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
അഡ്വ. ശ്രീജിത്ത് പെരുമന തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
പോക്സോ കേസുകൾ /നർക്കോട്ടിക് /MDMA ഉപയോഗം /മാനസിക ശാരീരിക പീഡനങ്ങൾ /അശ്ലീല പ്രചരണം/സൈബർ ക്രൈംസ് തുടങ്ങിയ ആരോപണങ്ങളിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദിനും, ഗ്യാങിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പോലീസ് മേധാവി.
അഡ്വ ശ്രീജിത്ത് പെരുമനയുടെ പരാതിയിൽ സംസ്ഥാന DGP റവാഡ ചന്ദ്രശേഖറാണ് കേരള സംസ്ഥാന സൈബർ ഓപ്പറേഷൻസ് പോലീസ് സൂപ്രണ്ട് അങ്കിത് അശോകൻ IPS ന് നിർദേശം നൽകിയത്.
യൂട്യൂബ് സ്ട്രീമിംഗിന്റെയും, വ്ലോഗിങ്ങിന്റെയും മറവിൽ കേരളത്തിലെ വരുംതലമുറയെ ഒന്നടങ്കം അരാഷ്ട്രീയവത്കരിച്ച്, പാരലൽ ലോകത്തെത്തിച്ച് മയക്കുമരുന്നുകളുടെ അടിമകളാക്കി ഓൺലൈൻ ബിസിനസ്സിൽ തടിച്ച് കോഴുക്കുകയും, കുട്ടികളെ ലൈംഗികമായും അല്ലാതെയും ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന ആരോപണങ്ങൾ തൊപ്പിയെപോലുള്ള സാമൂഹിക വിരുദ്ധർ പരസ്പരമുള്ള പകപോക്കലിൽ വിളിച്ചു പറയുമ്പോൾ അക്കാര്യത്തിൽ വരും തലമുറയുടെ നിലനിൽപ്പിനെ മുൻ നിർത്തി ചോദ്യം ചെയ്യാതെ വയ്യ.
ലക്ഷക്കണക്കിന് കുട്ടികൾ തത്സമയം കണ്ടുകൊണ്ടിരുന്ന യൂട്യൂബ് ലൈവിലൂടെ ബ്ലർ (Blurred) ചെയ്ത രീതിയിൽ സ്വയംഭോഗം വരെ പ്രദർശിപ്പിച്ചുകൊണ്ടാണ് ഇവർ സൈബർ ഇടങ്ങളെ മലിനമാക്കിയത്!
ഇതിനുപുറമേ, പ്രമുഖ സെലിബ്രിറ്റികളുടെ കുടുംബത്തിലെ സ്ത്രീകളെപ്പോലും അങ്ങേയറ്റം അശ്ലീലമായ രീതിയിൽ അധിക്ഷേപിക്കുന്ന (Slut-shaming) ഫോൺ ഓഡിയോ ക്ലിപ്പുകളാണ് ഇവർ ലൈവിലൂടെ പരസ്യമായി പങ്കുവെക്കുന്നത്.
മയക്കുമരുന്ന് മാഫിയ ബന്ധങ്ങളും, പോക്സോ പരിധിയിൽ വരുന്ന അതിക്രമങ്ങളും വളരെ ലാഘവത്തോടെ സംസാരിച്ച ഇവർ ഇപ്പോൾ സ്ത്രീത്വത്തെയും മാന്യതയെയുമെല്ലാം കാറ്റിൽപ്പറത്തിയിരിക്കുകയാണ്.
സൗഹൃദം നടിച്ചുനടന്ന ഇവർ ഇന്ന് കാട്ടിക്കൂട്ടുന്ന ഈ വികൃതികൾ കാണുന്നവരിൽ ഭൂരിഭാഗവും സ്കൂൾ വിദ്യാർത്ഥികളാണ്. ഒരു നിയന്ത്രണവുമില്ലാതെ ഇത്തരം നീചമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കൊച്ചുകുട്ടികളുടെ മുന്നിലേക്ക് എത്തുമ്പോൾ അത് അവരിൽ ഉണ്ടാക്കുന്ന മാനസിക വൈകല്യങ്ങൾ ചെറുതായിരിക്കില്ല.
ഇത്രയും പരസ്യമായി അശ്ലീല പ്രദർശനവും സ്ത്രീവിരുദ്ധതയും ക്രിമിനൽ കുറ്റങ്ങളും വിളിച്ചുപറഞ്ഞിട്ടും എന്തുകൊണ്ടാണ് സൈബർ പോലീസും അധികാരികളും ഇവർക്കെതിരെ കർശനമായ നടപടിയെടുത്ത് ജയിലിലടക്കാൻ മടിക്കുന്നത്? വരുംതലമുറയുടെ ഭാവി തകർക്കുന്ന ഈ ക്രിമിനലുകൾക്കെതിരെ മാതൃകാപരമായ നിയമനടപടികൾ ഉണ്ടായേ തീരൂ!
അഡ്വ ശ്രീജിത്ത് പെരുമന

