KSDLIVENEWS

Real news for everyone

ചിക്കൻ ബിരിയാണി വെജ് ബിരിയാണിയായി; എന്നിട്ടും വിദ്യാലയങ്ങളിൽ ഭക്ഷണ വിതരണം പ്രതിസന്ധിയിൽ

SHARE THIS ON

കാസർകോട്: പാലിനും മുട്ടയ്ക്കും പാചകവാതകത്തിനും ഉൾപ്പെടെ തീവിലയായതോടെ വിദ്യാലയങ്ങളിൽ ഭക്ഷണ വിതരണം പ്രതിസന്ധിയിൽ. സ്കൂൾ തുറന്ന് വിദ്യാർഥികൾക്ക് 2 കറികളോടു കൂടിയ ഭക്ഷണം നൽകിത്തുടങ്ങിയെങ്കിലും സർക്കാർ നിശ്ചയിച്ച തുകയിൽ വർധനയില്ലാത്തത് സ്കൂൾ അധികൃതരെ പ്രയാസത്തിലാക്കുന്നു. കഴിഞ്ഞ അധ്യയന വർഷത്തെ നിരക്കിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉച്ചഭക്ഷണത്തിനുള്ള പണം വിദ്യാലയങ്ങൾക്കു നൽകുന്നത്. അന്നത്തേതിനെക്കാൾ സാധനങ്ങളുടെ വില വർധിച്ചിട്ടുണ്ട്.

പാലിന് 60 രൂപ; സർക്കാർ നൽകുന്നത് 52 രൂപ
വിദ്യാർഥികൾക്ക് ആഴ്ചയിൽ 2 ദിവസം 150 മില്ലി ലീറ്റർ വീതം പാലും ആഴ്ചയിൽ ഒരു ദിവസം മുട്ടയും നൽകണം. പാലിന് ഈ മാസം മുതൽ ലീറ്ററിനു 60 രൂപയാണ്. എന്നാൽ, സ്കൂൾ അധികൃതർക്ക് പാലിനു ലീറ്ററിനു 52 രൂപ മാത്രമാണ് നൽകുന്നത്. ഒരു മുട്ടയ്ക്ക് 6 രൂപ നിരക്കിലാണ് സർക്കാർ നൽകുന്നത്. വിപണിയിൽ മുട്ടയ്ക്ക് ചില സമയങ്ങളിൽ 8 രൂപ വരെയാകാറുണ്ട്. പ്രീപ്രൈമറി–പ്രൈമറി വിദ്യാർഥിക്ക് 6.78 രൂപയും അപ്പർ പ്രൈമറി വിദ്യാർഥിക്ക് 10.17 രൂപയുമാണ് ഉച്ചഭക്ഷണത്തിനായി സർക്കാർ നിശ്ചയിച്ചിരിക്കുന്ന തുക. പാചകവാതക സിലിണ്ടറിന് ജൂൺ മുതൽ 960 രൂപയാണ്. എന്നാൽ കഴിഞ്ഞ അധ്യയന വർഷം അവസാനിക്കുമ്പോൾ 930 രൂപയായിരുന്നു. 1200 വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ മാസത്തിൽ 18 സിലിണ്ടറെങ്കിലും വേണം. പഴങ്ങൾ, പച്ചക്കറികൾ, വെളിച്ചെണ്ണ തുടങ്ങിയ എല്ലാം സാധനങ്ങൾക്കു വില വർധിച്ചിട്ടുണ്ട്. 

ചിക്കൻ ബിരിയാണി കിട്ടുമോ?
കഴിഞ്ഞ അധ്യയന വർഷം ആഴ്ചയി‍ൽ ഒരു ദിവസം നൽകാൻ നിർദേശിച്ചിരുന്ന ‘വിവിധ തരത്തിലുള്ള ബിരിയാണികൾ’ ഇത്തവണ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പട്ടികയിൽ വെജ് ബിരിയാണിയായി മാറി. കഴിഞ്ഞതവണ പല വിദ്യാലയങ്ങളിലും വിവിധ തരത്തിലുള്ള ബിരിയാണി നൽകിയിരുന്നു. എന്നാൽ സർക്കാർ നൽകുന്ന നിരക്കിനെക്കാൾ കൂടുതൽ തുക ബിരിയാണിക്കു ചെലവാകുന്നതായി ആക്ഷേപമുയർന്നിരുന്നു. 

പ്രവൃത്തി ദിവസങ്ങളിൽ 10–ാം ദിവസം വെജിറ്റബിൾ ബിരിയാണിയും ദാൽകുറുമ അല്ലെങ്കിൽ മുട്ടക്കറിയും നൽകാനാണ് നിർദേശിച്ചിട്ടുള്ളത്. ചോറിനു പുറമേ ചില ദിവസങ്ങളിൽ കാരറ്റ് ചോറ്, നാരങ്ങ ചോറ്, തേങ്ങ ചോറ് എന്നിവയും ഇത്തവണത്തെ പട്ടികയിലുണ്ട്. ചക്കക്കുരു പുഴുക്ക്, കടല മസാല, വാളരിങ്ങ തോരൻ, കാബേജ് തോരൻ, ചീര തോരൻ, വൻപയർ കറി, വാഴക്കൂമ്പ്, ചെറുപയർ തോരൻ, വെജിറ്റബിൾ കുറുമ തുടങ്ങിയ വിവിധ തരത്തിലുള്ള കറികൾ നൽകാനും നിർദേശിച്ചിട്ടുണ്ട്. ഫണ്ടിന്റെ ലഭ്യത അനുസരിച്ചും കുട്ടികളുടെ താൽപര്യം കണക്കിലെടുത്തും മത്സ്യം, മാംസം എന്നിവ മെനുവിൽ ഉൾപ്പെടുത്താവുന്നതാണെന്നും നിർദേശിച്ചിട്ടുണ്ട്.

ADVERTISEMENT

GO AD-FREE
വർഷം ചെലവ് 26 കോടിയിലേറെ രൂപ
സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ കഴിഞ്ഞ അധ്യയനവർഷം ഭക്ഷണം നൽകാനായി കാസർകോട് ജില്ലയിൽ‌ വിനിയോഗിച്ചത് 26 കോടിയിലേറെ രൂപയാണ്. കഴിഞ്ഞ അധ്യയന വർഷത്തിൽ മുഴുവൻ തുകയും സ്കൂൾ അധികൃതർക്ക് നൽകിയതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. ഉച്ചഭക്ഷണത്തിനായി 17 കോടിയോളം രൂപയും പാലും മുട്ടയും നൽകുന്നതിനായി 9 കോടിയിലേറെ രൂപയുമാണ് കേന്ദ്ര–സംസ്ഥാന സർക്കാരിന്റെ ഫണ്ടുകളായി ജില്ലയിലെത്തിയത്. മുൻകാലങ്ങളിൽ ഉച്ചഭക്ഷണത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിയ വകയിലുള്ള തുക കൃത്യസമയത്ത് സർക്കാരിൽനിന്നു ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു.

പാചകത്തൊഴിലാളികൾക്ക് സമാശ്വാസത്തുക കിട്ടിയില്ല
സ്കൂൾ പാചകത്തൊഴിലാളികൾക്ക് മധ്യവേനലവധി സമയത്ത് നൽകേണ്ടിയിരുന്ന സമാശ്വാസ തുക അവധി കഴിഞ്ഞിട്ടും കിട്ടിയില്ല. മാസത്തിൽ 2000 രൂപ വീതം ഏപ്രിൽ, മേയ് മാസങ്ങളിലായി 4000 രൂപയാണ് നൽകേണ്ടത്. 597 പാചക തൊഴിലാളികളാണ് നിലവിലുള്ളത്. 500 വിദ്യാർഥികൾ ഉള്ള വിദ്യാലയങ്ങളിൽ ഒരാളെയും അ‍ഞ്ഞൂറിലേറെ വിദ്യാർഥികൾക്കുള്ള വിദ്യാലയങ്ങളിൽ 2 തൊഴിലാളികളെയുമാണ് നിയമിക്കേണ്ടത്.

error: Content is protected !!