KSDLIVENEWS

Real news for everyone

ബേക്കൽ പള്ളിക്കര ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ ചങ്ങനാശ്ശേരി സ്വദേശികളായ രണ്ടു യുവാക്കളുടെയും മൃതദേഹം കണ്ടെത്തി

SHARE THIS ON

കാസർകോട്: പള്ളിക്കരയിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ടുയുവാക്കളുടെയും മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി സ്വദേശി അപ്പു ടി എബ്രഹാം(20), സുഹൃത്ത് അംഗിതി(20) എന്നിവരാണ് മരിച്ചത്. എബ്രഹാമിന്റെ മൃതദേഹം തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെ ചിത്താരി അഴിമുഖത്ത് നാട്ടുകാർ കണ്ടെത്തിയിരുന്നു. അംഗിതിന്റെ മൃതദേഹം ഒരുമണിയോടെ മുട്ടുംന്തല അഴിമുഖത്താണ് കണ്ടത്. മൃതദേഹം ഒഴുകി നടക്കുന്നത് ശ്രദ്ധയിൽപെട്ട മൽസ്യത്തൊഴിലാളികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്‌ച വൈകീട്ടാണ് ഇരുവരെയും കടലിൽ കുളിക്കുന്നതിനിടെ തിരയിൽപെട്ട് കാണാതായത്. തുടർന്ന് തീരദേശ പൊലീസും നാട്ടുകാരും മൽസ്യത്തൊഴിലാളികളും രാത്രിവരെ തിരച്ചിൽ നടത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും. വിവരമറിഞ്ഞ് ബന്ധുക്കൾ കാഞ്ഞങ്ങാട്ട് എത്തിയിട്ടുണ്ട്.

error: Content is protected !!