KSDLIVENEWS

Real news for everyone

ടൂർണമെന്റ് ഫേവറിറ്റുകളായ സ്പെയിനിനെ പിടിച്ചുകെട്ടി; ലോകകപ്പിലെ ആദ്യ പോയന്റ് സ്വന്തമാക്കി കേപ് വെർദെ

SHARE THIS ON

അറ്റ്‌ലാൻഡ: യൂറോ കപ്പ് ജേതാക്കളും ടൂർണമെന്റ് ഫേവറിറ്റുകളുമായ സ്‌പെയിനിനെ പിടിച്ചുകെട്ടി (0-0) ആദ്യമായി ലോകകപ്പിനെത്തിയ കേപ് വെർദെ. സ്പാനിഷ് നിരയെ പ്രതിരോധക്കോട്ട കെട്ടി തടഞ്ഞ കേപ് വെർദെ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോയന്റും സ്വന്തമാക്കി.

ജയിക്കണമെന്ന ആഗ്രഹമില്ലാത്ത രണ്ട് ടീമുകൾ വെറുതെ പന്തുതട്ടിക്കളിച്ചു. ഗ്രൂപ്പ് എച്ചിലെ സ്‌പെയിൻ – കേപ് വെർദെ മത്സരത്തിന്റെ ഭൂരിഭാഗം സമയത്തെ വേണമെങ്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. യൂറോ കിരീടത്തിനും നേഷൻസ് ലീഗിലെ റണ്ണറപ്പ് നേട്ടത്തിനും പിന്നാലെ ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകൾ എന്ന പെരുമയുമായെത്തിയ സ്‌പെയിനിന് പക്ഷേ ആ പേരിനോട് നീതി കാണിക്കാൻ സാധിച്ചില്ല. നഷ്ടപ്പെടുത്തിയ ഒരുപിടി അവസരങ്ങൾക്ക് അവർക്ക് സ്വയം പഴിക്കാം.

ടൂർണമെന്റ് ഫേവറിറ്റുകളെന്ന ലേബലുമായെത്തിയ സ്‌പെയിനിനെ മികച്ച പ്രതിരോധത്തിലൂടെ പിടിച്ചുകെട്ടാൻ കേപ് വെർദെയ്ക്കായി. 40 വയസുകാരൻ ഗോൾകീപ്പർ വോസിന്യയുടെ പ്രകടനവും അവരുടെ രക്ഷയ്‌ക്കെത്തി.

പ്രധാന സ്‌ട്രൈക്കറായ മീക്കേൽ ഒയർസബാൽ മത്സരത്തിലാകെ നിറംമങ്ങിയത് സ്‌പെയിനിന് തിരിച്ചടിയായി. മത്സരത്തിന്റെ ആദ്യ അരമണിക്കൂറിൽ ഒയർസബാലിന് പന്ത് തൊടാൻ പോലും കിട്ടിയിരുന്നില്ല. പരിക്കേറ്റ ലമിൻ യമാലിന്റെയും നിക്കോ വില്യംസിന്റെയും അഭാവം പൂർണമായും നിഴലിച്ച മത്സരമായിരുന്നു കേപ് വെർദെയ്‌ക്കെതിരേ. വിങ്ബാക്കുകളായ മാർക്കോസ് ലൊറെന്റെയും മാർക്ക് കുക്കുറെയ്യയും, പെഡ്രി-റോഡ്രി-ഫാബിയാൻ റൂയിസ് മിഡ്ഫീൽഡും മികച്ച കളി പുറത്തെടുത്തിട്ടും മുന്നേറ്റനിര നിറംമങ്ങിയതോടെ ടീമിന് മുന്നേറ്റം സാധ്യമായില്ല.

ഭൂരിഭാഗം സമയത്തും വിരസമായ കളി, ഒടുവിൽ 71-ാം മിനിറ്റിൽ സ്‌പെയിനിനായി ലമിൻ യമാൽ പകരക്കാരനായി ഇറങ്ങിയതോടെയാണ് ചൂടുപിടിച്ചത്. പിന്നാലെ നിക്കോ വില്യംസും ഇറങ്ങിയെങ്കിലും സ്പാനിഷ് നിരയ്ക്ക് ഗോളടിക്കാൻ മാത്രം സാധിച്ചില്ല.

4-3-3 ഫോർമേഷനിൽ വിങ്ങർമാരായ ലമിൻ യമാലും നിക്കോ വില്യംസും ഇല്ലാതെയാണ് കോച്ച് ലൂയിസ് ഡെലാ ഫ്യുവന്റെ സ്‌പെയിനിന്റെ ആദ്യ ഇലവനെ ഇറക്കിയത്. ഇവർക്ക് പകരം ഗാവിയും ഫെറാൻ ടോറസുമാണ് വിങ്ങുകളിൽ അണിനിരന്നത്. കാര്യമായ മുന്നേറ്റങ്ങളൊന്നുമില്ലാതെ വിരസമായ തുടക്കമായിരുന്നു മത്സരത്തിന്റേത്.

ഇടയ്ക്ക് സ്‌പെയിനിനെ പ്രതിരോധത്തിലാക്കാൻ പോന്ന ഏതാനും മുന്നേറ്റങ്ങൾ കേപ് വെർദെ പുറത്തെടുത്തെങ്കിലും ഫൈനൽ തേർഡിൽ അപകടം വിതയ്ക്കാൻ അവർക്ക് സാധിച്ചില്ല.

39-ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റം നടത്തിയ സ്‌പെയിൻ ബോക്‌സിലേക്ക് പന്തെത്തിച്ചു. എന്നാൽ മാർക്ക് കുക്കുറെയ്യ ഹെഡ് ചെയ്ത് നൽകിയ പന്ത് ഫെറാൻ ടോറസ് അടിച്ചത് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. റീബൗണ്ട് വന്ന പന്തിലെ സ്‌പെയിനിന്റെ ഗോൾശ്രമം കേപ് വെർദെ ഗോൾകീപ്പർ വൊസിന്യ തടുത്തിട്ടു. 45-ാം മിനിറ്റിൽ ഫെറാൻ ടോറസിന്റെ ഷോട്ട് വോസിന്യ പിടിച്ചെടുത്തു. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ പെഡ്രി എടുത്ത കോർണറിൽ നിന്നുള്ള ഐമറിക് ലപോർട്ടെയുടെ ഗോളെന്നുറച്ച ഷോട്ടും വോസിന്യ രക്ഷിച്ചെടുത്തു.

2024 ഒക്ടോബറിനു ശേഷം ഇതാദ്യമായാണ് സ്‌പെയിൻ ഒരു പ്രധാന ടൂർണമെന്റിലെ ആദ്യ പകുതിയിൽ സ്‌കോർ ചെയ്യാതെ പോകുന്നത്.

error: Content is protected !!