KSDLIVENEWS

Real news for everyone

ഇറാനിലേക്ക് 300 ബില്യൺ ഡോളറിന്റെ കൂറ്റൻ സ്വകാര്യ ഫണ്ട്; നിക്ഷേപിക്കാൻ വൻ കമ്പനികൾ, മധ്യസ്ഥത വഹിച്ച് പാക്കിസ്ഥാൻ

SHARE THIS ON

ടെഹ്റാൻ: യുഎസ്-ഇറാൻ കരാറിന്റെ ഭാഗമായി, ഇറാനിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി 300 ബില്യൺ ഡോളറിന്റെ (ഏകദേശം 25 ലക്ഷം കോടി രൂപ) കൂറ്റൻ സ്വകാര്യ ഫണ്ട് സ്വരൂപീകരിക്കുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. തുകയുടെ പകുതിയിലധികം ഇതിനകം വിവിധ ആഗോള കമ്പനികൾ വാഗ്ദാനം ചെയ്തുകഴിഞ്ഞതായി കരാറുമായി അടുത്ത വൃത്തങ്ങൾ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. വരുന്ന വെള്ളിയാഴ്ച അമേരിക്കയും ഇറാനും കരാറിൽ ഒപ്പുവയ്ക്കാനിരിക്കെയാണ് വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. അന്തിമ സമാധാന കരാറിലെത്താൻ ഇരു രാജ്യങ്ങൾക്കും സാമ്പത്തികമായ ഒരു പ്രോത്സാഹനം നൽകുക എന്നതാണ് ഫണ്ടിന്റെ ലക്ഷ്യം.

യുദ്ധക്കെടുതികൾക്കുള്ള നഷ്ടപരിഹാരമോ പുനർനിർമാണത്തിനുള്ള സർക്കാർ ഗ്രാന്റോ അല്ല പദ്ധതി. മറിച്ച് ഇത് പൂർണമായും ഒരു സ്വകാര്യ നിക്ഷേപ സംവിധാനമാണ്. യുഎസ്, ഗൾഫ് രാജ്യങ്ങൾ, ഏഷ്യ, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രമുഖ കമ്പനികൾ പദ്ധതിയിൽ പങ്കാളികളാകും. ഊർജം, ലോജിസ്റ്റിക്സ്, നിർമാണം, ഗതാഗതം എന്നീ മേഖലകളിലാണ് നിക്ഷേപം വരുന്നത്. യുദ്ധത്തിൽ തകർന്ന മൊബാറകെ സ്റ്റീൽ കോംപ്ലക്സ്, റിഫൈനറികൾ, വിമാനത്താവളങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ പുനരുദ്ധാരണത്തിനായി വായ്പകൾ ഉറപ്പാക്കിയും ക്രെഡിറ്റ് ലൈനുകൾ സ്ഥാപിച്ചും പ്രാദേശിക രാജ്യങ്ങളും ഇതിൽ പങ്കാളികളാകും. ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികൾ ഇതിനകം നിക്ഷേപ വാഗ്ദാനം നൽകിയിട്ടുണ്ട്.

പാക്കിസ്ഥാന്റെ മധ്യസ്ഥതയിലാണ് ഫണ്ടുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിച്ചത്. വെള്ളിയാഴ്ച ഒപ്പുവയ്ക്കുന്ന ധാരണാപത്രം അടുത്ത 60 ദിവസത്തേക്കുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനുള്ള ചട്ടക്കൂട് മാത്രമാണ്. അന്തിമ കരാർ ഒപ്പിട്ടതിനു ശേഷം മാത്രമേ ഫണ്ട് ഔദ്യോഗികമായി നിലവിൽ വരികയും പ്രവർത്തനക്ഷമമാവുകയും ചെയ്യൂ. ഈ 60 ദിവസത്തിനുള്ളിൽ ഫണ്ട് അഡ്മിനിസ്ട്രേറ്റർമാർ ഇറാനിയൻ അധികൃതരുമായും നിക്ഷേപകരുമായും ചേർന്ന് പദ്ധതികളുടെ രൂപരേഖ തയ്യാറാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!