KSDLIVENEWS

Real news for everyone

ഹോർമൂസ് തുറക്കും, ഇറാന്റെ പുനർനിർമാണത്തിന് 300 ബില്ല്യൺ ഡോളർ; യുഎസ്-ഇറാൻ കരാറിന്റെ വിശദാംശങ്ങൾ

SHARE THIS ON

വാഷിങ്ടൺ: ഇറാനുമായി ഒപ്പുവെച്ച 14 ഇന കരാറിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്തി അമേരിക്ക. ഞായറാഴ്ച ട്രംപ് കരാർ പ്രഖ്യാപിച്ചതിൽ സുതാര്യതയില്ലെന്ന ആക്ഷേപത്തിനിടെയാണ് വിവരങ്ങൾ പുറത്തുവന്നത്. കരാറിൽ എന്തൊക്കെ ഉൾപ്പെടുന്നുണ്ടെന്ന ഊഹാപോഹങ്ങൾക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്.

‘Islamabad Memorandum of Understanding between the United States of America and the Islamic Republic of Iran’ എന്ന പേരിലാണ് കരാർ. ഈ കരാർ വെള്ളിയാഴ്ച ഒപ്പുവെച്ചേക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ, വ്യാഴാഴ്ചതന്നെ കരാറിൽ അമേരിക്കൻ പ്രസിഡന്റും ഇറാൻ പ്രസിഡന്റും ചേർന്ന് ഒപ്പുവെച്ചു. ഇതിനുശേഷം അന്തിമ കരാറിന്റെ നിബന്ധനകൾ ചർച്ചചെയ്യാൻ 60 ദിവസം ഇരുപക്ഷത്തിനും ലഭിക്കും. ആവശ്യമെങ്കിൽ പരസ്പരസമ്മതത്തോടെ ഈ സമയം ദീർഘിപ്പിക്കാം.

ലെബനൻ ഉൾപ്പെടെ എല്ലാ മേഖലകളിലേയും സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന് കരാറിൽ ആവശ്യപ്പെടുന്നുണ്ട്. കരാറിന്റെ വ്യവസ്ഥകൾ പ്രകാരം 30 ദിവസത്തിനുള്ളിൽ ഇറാനെതിരായ നാവിക ഉപരോധം നീക്കുമെന്ന് അമേരിക്ക പറയുന്നു. ഈ കാലയളവിൽ യുദ്ധത്തിനുമുമ്പുള്ള സാഹചര്യത്തിന് സമാനമായ രീതിയിൽ നാവികഗതാഗതം പുനഃസ്ഥാപിക്കപ്പെടും.

അന്തിമ കരാർ നിലവിൽവന്നതിന് ശേഷം 30 ദിവസത്തിനുള്ളിൽ ഇറാനിൽനിന്ന് തങ്ങളുടെ സേനയെ പിൻവലിക്കുമെന്നും കരാറിൽ അമേരിക്ക വ്യക്തമാക്കുന്നുണ്ട്. ഇറാൻ വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്കായി 60 ദിവസത്തേക്ക് യാതൊരു ചാർജും ഈടാക്കില്ലെന്നും സുരക്ഷിത യാത്രയ്ക്ക് എല്ലാവിധ ക്രമീകരണങ്ങളും ചെയ്യുമെന്നും കരാർ പറയുന്നു.

ഇറാൻ ആണവായുധങ്ങൾ ശേഖരിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. ഇറാനിലെ ആണവവസ്തുക്കൾ അന്താരാഷ്ട്ര ആണവ ഏജൻസിയുടെ മേൽനോട്ടത്തിൽ സ്ഥലത്തുതന്നെ ഏകോപിപ്പിച്ച് നീക്കംചെയ്യുന്നതിൽ സഹകരിക്കുമെന്നും ധാരണാപത്രം പറയുന്നു. കരാർ അനുസരിച്ച് ഇറാന്റെ പുനർനിർമ്മാണത്തിനും സാമ്പത്തിക വികസനത്തിനുംവേണ്ടി പ്രാദേശിക പങ്കാളികളുമായി അമേരിക്ക സഹകരിക്കും. 300 ബില്ല്യൺ ഡോളറാണ് ഇതിനായി കണക്കാക്കുന്നത്. ഇറാനെതിരേയുള്ള എല്ലാത്തരം ഉപരോധങ്ങളും നീക്കുമെന്നും കരാർ വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!