KSDLIVENEWS

Real news for everyone

ട്രംപിന് ഖത്തർ സമ്മാനിച്ച 4000 കോടി ഡോളറിന്റെ ആഡംബര വിമാനം യുഎസിലെത്തി; പുതിയ എയർ ഫോഴ്സ് വൺ റെഡി

SHARE THIS ON

വാഷിംഗ്ടൺ ഡി.സി: യുണൈറ്റഡ് സ്റ്റേറ്റ്സ് എയർ ഫോഴ്സ് തങ്ങളുടെ പ്രസിഡൻഷ്യൽ ഫ്ലീറ്റിലേക്ക് പുതിയ ബ്രിഡ്ജ് എയർക്രാഫ്റ്റിനെ ഔദ്യോഗികമായി സ്വാഗതം ചെയ്തു. വി സി 25ബി ബ്രിഡ്ജ് എയർക്രാഫ്റ്റ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ വിമാനം അന്തിമഘട്ട പരിശോധനകൾക്കായി മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ എത്തിച്ചു. യുഎസ് പ്രസിനഡ്റിന്റെ ഔദ്യോഗിക വിമാനമായ നിലവിലുള്ള എയർ ഫോഴ്സ് വൺ വിമാനങ്ങളുടെ പുതിയ പതിപ്പ് ലഭ്യമാകാൻ വൈകുന്ന സാഹചര്യത്തിലാണ് ഖത്തർ സമ്മാനിച്ച ആഡംബര വിമാനം പ്രസിഡൻഷ്യൽ ഫ്ലീറ്റിലേക്ക് ഉൾപ്പെടുത്തുന്നത്.

മാറ്റം വരുത്തിയ ബോയിംഗ് 747 8 ഐ മോഡലിലുള്ള ഈ വിമാനത്തിന് സവിശേഷമായ ചരിത്രമുണ്ട്. തുടക്കത്തിൽ ഖത്തർ രാജകുടുംബത്തിന്റെ ഫ്ലൈറ്റ് ഫ്ലീറ്റിനായി ഏകദേശം 400 മില്യൺ ഡോളർ ചിലവിൽ നിർമ്മിച്ച ആഡംബര വിവിഐപി വിമാനമായിരുന്നു ഇത്. പിന്നീട് ഖത്തർ അമീർ ഇത് അമേരിക്കയ്ക്ക് സൗജന്യമായി സമ്മാനിക്കുകയായിരുന്നു. നിലവിലെ ഔദ്യോഗിക പ്രസിഡൻഷ്യൽ വിമാനമായ വി സി 25എ യുടെ അറ്റകുറ്റപ്പണികൾ വർദ്ധിച്ച സാഹചര്യത്തിൽ പ്രസിഡന്റിന്റെ യാത്രകൾ സുഗമമാക്കാൻ ഈ ബ്രിഡ്ജ് എയർക്രാഫ്റ്റ് സഹായിക്കും.

പുതിയ എയർ ഫോഴ്സ് വൺ വിമാനങ്ങൾ കൈമാറുന്നതിൽ ബോയിംഗ് കമ്പനി വരുത്തിയ കാലതാമസത്തിൽ ഡൊണാൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിമാനങ്ങൾ നൽകുന്നത് 2024 ൽ നിന്നും 2028 ലേക്ക് നീണ്ടതോടെയാണ് ഖത്തർ അമീറുമായി ട്രംപ് വ്യക്തിപരമായി ബന്ധപ്പെടുകയും വിമാനം ഔദ്യോഗിക സമ്മാനമായി കൈപ്പറ്റുകയും ചെയ്തത്. വിദേശ സമ്മാനങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ ചട്ടങ്ങളിൽ ഈ തീരുമാനം വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

നിലവിൽ ഉപയോഗിക്കുന്ന 35 വർഷത്തോളം പഴക്കമുള്ള വി സി 25എ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് കൂടുതൽ സമയമെടുക്കുന്നതിനാൽ പ്രസിഡന്റിന് സുരക്ഷിതമായ യാത്ര ഉറപ്പാക്കാനാണ് ഈ സംവിധാനം. വിമാനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്കായി വലിയ മാറ്റങ്ങളാണ് വ്യോമസേന വരുത്തിയത്. ആഡംബരപൂർണ്ണമായ ഉൾഭാഗം അതേപടി നിലനിർത്തിക്കൊണ്ട് തന്നെ സൈനിക സുരക്ഷാ സംവിധാനങ്ങൾ വിമാനത്തിൽ ഒരുക്കി.

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ഉൾപ്പെടെയുള്ള അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളും ഉയർന്ന ഭീഷണിയുള്ള സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ക്ലാസിഫൈഡ് ഷീൽഡിംഗും പ്രതിരോധ സംവിധാനങ്ങളും ഇതിൽ സ്ഥാപിച്ചിട്ടുണ്ട്. മൗണ്ട് റഷ്മോറിലേക്കായിരിക്കും ഇതിന്റെ ആദ്യ ഔദ്യോഗിക പ്രസിഡൻഷ്യൽ സർവീസ് എന്നാണ് സൂചനകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!