KSDLIVENEWS

Real news for everyone

ഒന്നിനും കൊള്ളാത്തവർ: മുദ്രാവാക്യം വിളിച്ച കോൺഗ്രസുകാരെ ശാസിച്ച് മല്ലികാർജുൻ ഖർഗെ

SHARE THIS ON

ബെംഗളൂരു: പൊതുയോഗത്തിൽ ബഹളമുണ്ടാക്കിയ പാർട്ടി പ്രവർത്തകരെ ഒന്നിനും കൊള്ളാത്തവർ എന്നു വിളിച്ചു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ബി.കെ.ഹരിപ്രസാദ് കർണാടക കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ചടങ്ങിലായിരുന്നു രോഷപ്രകടനം. ഖർഗെ പ്രസംഗിക്കാൻ തുടങ്ങുന്നതിനിടെ അണികൾ മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനു വേണ്ടി മുദ്രാവാക്യം വിളിച്ചു. എഴുന്നേറ്റു നിന്നു മുദ്രാവാക്യം വിളിച്ചവരെ നിയന്ത്രിക്കാൻ ശിവകുമാറും ശ്രമിക്കുന്നുണ്ടായിരുന്നു. മുദ്രാവാക്യം വിളിച്ചു കഴിഞ്ഞോ എന്നു ചോദിച്ച ഖർഗെ, ഇങ്ങനെ വിളിച്ചു കൂവിയാൽ രാജ്യം മുഴുവൻ കേൾക്കുമോ എന്നും ആരാഞ്ഞു. തുടർന്നാണു യൂസ്‌ലെസ് ഫെലോസ് എന്നു വിളിച്ചത്.

മോദി ഇന്ത്യയും ട്രംപ് ലോകവും നശിപ്പിക്കുന്നു: ഖർഗെ

പരസ്പരം നല്ല സുഹൃത്തുക്കളാണെന്നു വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അവരവരുടെ അധികാര മേഖലകളിൽ നാശം വിതയ്ക്കുകയാണെന്ന് മല്ലികാർജുൻ ഖർഗെ ആരോപിച്ചു. മോദി ഇന്ത്യയെയും ട്രംപ് ലോകത്തെയൊന്നാകെയും നശിപ്പിച്ചു കൊണ്ടിരിക്കുന്നു. അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ പേരിലുള്ള ഫണ്ട് തിരിമറി മതത്തിന്റെയും രാമന്റെയും പേരിൽ നടന്ന കൊള്ളയാണ്. 5,000 കോടി രൂപയുടെയെങ്കിലും തിരിമറി നടന്നിട്ടുണ്ട്. അഡ്വാനിയുടെ രഥയാത്രയിൽ പിരിച്ച പണത്തിന്റെ പേരിൽ ഒരു അക്കൗണ്ടും സൂക്ഷിച്ചിട്ടില്ല. രാമക്ഷേത്രം നിർമിച്ചതു തിരിമറിക്കായാണെന്നും അദ്ദേഹം ആരോപിച്ചു. സാധാരണ ക്ഷേത്രങ്ങൾ ഉദ്ഘാടനം ചെയ്യുന്നതു സ്വാമിജിമാരും മഠാധിപതികളുമൊക്കെയാണ്. എന്നാൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതു മോദി തന്നെയാണ്. ക്ഷേത്രത്തിന്റെ പണമെവിടെ പോകുന്നുവെന്ന് അന്വേഷിക്കണമെന്നും ഖർഗെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!