KSDLIVENEWS

Real news for everyone

30 ദിവസത്തിൽ 87 പനിമരണം, വിടുവായത്തം നിർത്തി വകുപ്പിനെ നയിക്കൂ’; മുരളീധരന് മറുപടിയുമായി വീണ ജോർജ്

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരനെതിരേ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യമന്ത്രി വീണ ജോർജ്. 30 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേരാണ്. വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂവെന്ന് വീണ ജോർജ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പിനേയും മന്ത്രിയേയും ഏറ്റവും കൂടുതൽ ആക്രമിച്ചയാളാണ് മുരളീധരൻ. അന്നത്തെ വാക്കുകളൊക്കെ ഇന്ന് ബൂമറാങ് പോലെ ശക്തമായി തിരിച്ചെത്തുന്നത് കണ്ടുതുടങ്ങിയിട്ടുണ്ടെന്നും വീണ ജോർജ് കുറിപ്പിൽ പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യ മേഖലയിലുണ്ടായ നേട്ടങ്ങളെക്കുറിച്ചും വീണ ജോർജ് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.

വീണ ജോർജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഉത്തരവാദിത്വം മറക്കേണ്ട കെ. മുരളീധരൻ. വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ. 30 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേരാണ്. പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല എന്ന വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയ പ്രശ്‌നങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിയപ്പോൾ ’10 വർഷത്തെ റീൽസും 5 വർഷത്തെ വീണമീട്ടലും ആണ് പ്രശ്‌നം’ എന്ന് കെ. മുരളീധരൻ പറഞ്ഞതായി കണ്ടു. സോണിയാ ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ച മുരളീധരനിൽ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരൻ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ട് ഇരിക്കുന്നു.

എൽഡിഎഫ് സർക്കാരിന്റെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്ക് പ്രശ്‌നമാകാം. കാരണം അന്ന് ഏറ്റവും കൂടുതൽ കള്ളങ്ങൾ പറഞ്ഞു അന്യായമായും നീതിരഹിതമായും ആരോഗ്യവകുപ്പിനെയും മന്ത്രിയെയും പ്രതിപക്ഷത്തു നിന്ന് ആക്രമിച്ചതിലും അധിക്ഷേപിച്ചതിലും മുന്നിൽ നിന്ന ആളുകളിൽ ഒരാളാണ് ഇന്നത്തെ ആരോഗ്യമന്ത്രി. അന്നത്തെ വാക്കുകളൊക്കെ ഇന്ന് ബൂമറാങ് പോലെ പറഞ്ഞവരിലേക്ക് ശക്തമായി തിരിച്ചെത്തുന്നത് നാം കണ്ടുതുടങ്ങിയിട്ടുണ്ട്.

എന്തുകൊണ്ട് എൽഡിഎഫ് കാലത്തെ ആരോഗ്യ മേഖലയിലെ പ്രവർത്തനം പ്രശ്‌നമായി മുരളീധരന് തോന്നുന്നു എന്നതിന് ഒന്നുരണ്ട് ഉദാഹരണങ്ങൾ മാത്രം നോക്കാം.

1) ശിവകുമാറിന്റെ കാലത്ത് ഡെങ്കിപ്പനി മൂലമുള്ള മരണനിരക്ക് കേരളത്തിൽ 0.8 ആയിരുന്നത് കഴിഞ്ഞ ‘വീണമീട്ടലിന്റെ ‘കാലത്ത് 0.1 ആയി കുറച്ചു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക്.

2) യുഡിഎഫ് കാലത്ത് അടിസ്ഥാന സൗകര്യം ഇല്ലാതെ ഇടുക്കിയിൽ ഒരു മെഡിക്കൽ കോളേജ് തുടങ്ങി. അംഗീകാരം കിട്ടിയില്ല. എന്നാൽ കഴിഞ്ഞ അഞ്ച് വർഷക്കാലം കേരളത്തിൽ തുടങ്ങിയത് ഒന്നല്ല 4 മെഡിക്കൽ കോളേജുകൾ ആണ്. അംഗീകാരവും ലഭിച്ചു. വിദ്യാർഥികൾ അവസാന വർഷത്തേക്ക് കടക്കുന്നു.

3 ) ശിശുമരണ നിരക്ക് യുഡിഎഫ് കാലത്ത് 12. 2025-ൽ എൽഡിഎഫ് കാലത്ത് അത് 5.6

4) യുഡിഎഫ് കാലത്ത് 200 ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന ലാബ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചു; തുടങ്ങിയില്ല. എന്നാൽ കഴിഞ്ഞ സർക്കാർ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലാബുകൾ സാധ്യമാക്കി. 1300 ലാബുകളിലൂടെ ലാബ് ശൃംഖല കേരളത്തിൽ സാക്ഷാത്ക്കരിച്ചു. മാത്രമല്ല, എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രി തലത്തിൽ സൂപ്പർ സ്‌പെഷ്യലിറ്റി ചികിത്സ സാധ്യമാക്കുന്നതിന് ‘കാത്ത് ലാബ് ‘ തുടങ്ങി. ഇങ്ങനെ തുടങ്ങി ആയിരക്കണക്കിന് കാര്യങ്ങൾ.

30 ദിവസത്തിനിടെ 87 പേർ പനി ബാധിച്ച് കേരളത്തിൽ മരിച്ചു എന്ന യാഥാർത്ഥ്യത്തിന്റെ മുന്നിലാണ് ആരോഗ്യ മന്ത്രി നിസ്സാരമായി കാര്യങ്ങളെ കാണുന്നത്. വകുപ്പിനെ ഏകോപനത്തോടെ നയിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാൻ ഫലപ്രദമായ ഇടപെടൽ നടത്തുകയാണ് ആരോഗ്യമന്ത്രി ചെയ്യേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!