KSDLIVENEWS

Real news for everyone

പാസ്പോ‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല, യാത്രാരേഖ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം

SHARE THIS ON

ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന പാസ്പോർട്ട്, പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് വിദേശകാര്യമന്ത്രാലയം. അന്താരാഷ്ട്ര യാത്രകൾക്കായി സർക്കാർ നൽകുന്ന പ്രാഥമിക യാത്രാരേഖ മാത്രമാണ് ഇത്. വിദേശത്തുള്ളപ്പോൾ ഇന്ത്യയിൽ നിന്നുള്ളയാളാണെന്ന് തെളിയിക്കാനുള്ള രേഖയാണ് പാസ്പോർട്ട് എന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. പാസ്പോർട്ട് സേവാ ദിനമായ ജൂൺ 24-നായിരുന്നു വിദേശകാര്യമന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയത്.

ആഗോളതലത്തിൽ പാസ്പോർട്ടിന്റെ സ്വീകാര്യ വർധിപ്പിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനുമായി ബയോമെട്രിക് വിവരങ്ങളുൾപ്പെടുത്തിക്കൊണ്ടുള്ള ചിപ്പ് അധിഷ്ടിത ഇ-പാസ്പോർട്ട് നടപടികൾ വിവരിക്കുന്നതിനിടെയായിരുന്നു വിദേശകാര്യ മന്ത്രാലയം ഇക്കാര്യം എടുത്തുപറഞ്ഞത്. 1967-ലെ പാസ്പോർട്ട് നിയമം പ്രാബല്യത്തിൽവന്നതിന്റെ സ്മരണയ്ക്കായാണ് ജൂൺ 24 പാസ്പോർട്ട് സേവാ ദിവസ് ആയി ആചരിച്ചുവരുന്നത്.

പാസ്പോർട്ട് സേവാ പരിപാടിയുടെ നവീകരണത്തിന്റെ ഭാഗമായി കഴിഞ്ഞവർഷം ചിപ്പ് അധിഷ്ഠിത രേഖകൾ പുറത്തിറക്കിയിരുന്നു. ഇതിനുശേഷം 14.7 ദശലക്ഷം ഇ പാസ്പോർട്ടുകൾ നൽകിയതായി അധികൃതർ അറിയിച്ചു. പുതുതായി നൽകിവരുന്ന എല്ലാ പാസ്പോർട്ടുകളും ചിപ്പ് അധിഷ്ടിത പാസ്പോർട്ടുകളാണ്. ആകെ പാസ്പോർട്ടിന്റെ 10 ശതമാനവും നിലവിൽ ചിപ്പ് അധിഷ്ടിത പാസ്പോർട്ട് ആണെന്നും അധികൃതർ അറിയിച്ചു.

വിവിധ സർക്കാർ ഏജൻസികളിൽനിന്ന് ലഭിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ, വളരെയധികം സൂക്ഷ്മതയോടെ, ഒരുപാട് പ്രക്രിയകൾക്കൊടുവിലാണ് ഒരു പാസ്പോർട്ട് നൽകുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇ പാസ്പോർട്ടുകൾ ഉയർന്ന സുരക്ഷ ഉറപ്പുവരുത്തുന്നു. വ്യാജരേഖാ നിർമാണം ചിപ്പ് അധിഷ്ടിത പാസ്പോർട്ടിൽ നടക്കില്ല. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ വളരെ വേഗത്തിൽ സുഗമമായി നടപ്പിലാക്കാനാകുമെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!