കുമ്പള പഞ്ചായത്തധികൃതരുടെ അനാസ്ഥക്കെതിരെ കുമ്പളയിലെ വ്യാപാരികൾ തെരുവിലിറങ്ങി; നൂറുകണക്കിന് വ്യാപാരികൾ അണിനിരന്ന പ്രകടനം അധികൃതർക്കുള്ള മുന്നറിയിപ്പായി മാറി

കുമ്പള: കുമ്പള പഞ്ചായത്ത് എടുത്ത തീരുമാനങ്ങൾ നടപ്പിലാകുന്നില്ല, സഹികെട്ട വ്യാപാരികൾ തങ്ങളുടെ ദുരിതം വിളിച്ചോതി തെരുവിലിറങ്ങിയത് താക്കീതായി ควา.
കഴിഞ്ഞ കുറെ മാസങ്ങളായി കുമ്പള നഗരത്തിൽ എത്തുന്ന യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന കുമ്പള പഞ്ചായത്തിന്റെയും, പൊലിസിന്റെയും നടപടി ഇനിയും സഹിക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ചാണ് “സമര പ്രഖ്യാപനം” എന്ന പേരിൽ വ്യാപാരികൾ ഒന്നടങ്കം തെരുവിലിറങ്ങിയത്.
വ്യാപാര ഭവനിൽ സമര പ്രഖ്യാപന കൺവൻഷനും, നഗരത്തിൽ നൂറുകണക്കിന് വ്യാപാരികൾ അണിനിരന്ന പ്രകടനവും അധികൃതർക്കുള്ള മുന്നറിയിപ്പായി മാറി. ഇനിയങ്ങോട്ട് സമരപരമ്പരകളാണെന്ന് മർച്ചന്റ് യൂത്ത് വിങ് പ്രഖ്യാപിച്ചു.
ഇതിന്റെ പ്രാരംഭ പരിപാടി എന്ന നിലയിൽ ജൂലൈ 2 ന് കുമ്പളയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്ച്ച് സംഘടിപ്പിക്കും.
വ്യാപാര ഭവനിൽ ചേർന്ന കൻവൻഷനിൽ അൻവർ സിറ്റി അധ്യക്ഷനായി. യൂനിറ്റ് പ്രസിഡന്റ് രാജേഷ് മനയത്ത് ഉദ്ഘാടനം ചെയ്തു,ജനറൽ സെക്രട്ടറി സത്താർ ആരിക്കാടി മുഖ്യപ്രഭാഷണം നടത്തി.
സന്തോഷ്ബട്ടുഞ്ഞി, അഷ്റഫ് കൈലർ, കാദർ പ്രൈം സംസാരിച്ചു.
ടൗണിൽ നടന്ന സമര പ്രഖ്യാപന വിളംബര ജാഥക്ക്, ഹൈദർ, മമ്മിഞ്ഞി,സിദ്ദിഖ് മുബാറക്,സവാദ് താജ്, ഇർഷാദ്, മനീഷ് നാരായൺ,മഹേഷ് കുമാർ, മൻസൂർ,ലത്തീഫ് കോർണർ,ശങ്കർ ഗട്ടി, അബ്ബാസ് കൂൾ ഫോം,തുടങ്ങിയവർ നേതൃത്വം നൽകി.

