യാത്രാസമയം 1 മണിക്കൂറിൽ നിന്ന് 15 മിനിറ്റിലേക്ക്; ബെംഗളൂരു എസ്എം കൃഷ്ണ പത്തുവരിപ്പാത എക്സ്പ്രസ്‌വേ ഇന്ന് തുറക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരവുമായി എസ്എം. കൃഷ്ണ പത്തുവരിപ്പാത ശനിയാഴ്ച പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. മൈസൂരു റോഡിനെയും മാഗഡി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയാണിത്. പടിഞ്ഞാറൻ ബെംഗളൂരുവിലെ ഗതാഗതപ്രശ്നങ്ങളെ വലിയൊരളവ് പരിഹരിക്കാൻ ഈ പാതയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. ഇതോടെ മൈസൂരു റോഡ് – മാഗഡി റോഡ് യാത്രാസമയം ഒരു മണിക്കൂറിൽ നിന്ന് വെറും 15 മിനിറ്റായി ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടോളില്ലാത്ത പാത
ഇത്രയും വലിയൊരു ആക്‌സസ്-കൺട്രോൾഡ് പാതയായിട്ടും ഒരു രൂപ പോലും ടോൾ പിരിക്കില്ല എന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമാകും. ഈ വഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് യാതൊരുവിധ ടോളും നൽകേണ്ടതില്ല. ബെംഗളൂരുവിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലാണ് ഈ റോഡ്. ഈ പദ്ധതി ഏകദേശം 631 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്.
മൈസൂരു, മാണ്ഡ്യ, രാമനഗര, ഹാസൻ, കുനിഗൽ, മാഗഡി ഭാഗങ്ങളിൽ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്നവർക്കും തിരിച്ച് പോകുന്നവർക്കും ഈ പാത ഏറെ ഉപയോഗപ്പെടും. നേരത്തെ നഗരത്തിലെ കനത്ത കുരുക്കിൽ കുരുങ്ങി ഏറെ സമയം നഷ്ടപ്പെടുത്തിയാണ് ഈ മേഖലകളിലുള്ളവർ ബെംഗളൂരു സന്ദർശനങ്ങൾ നടത്തിയിരുന്നത്. ഇരു മേഖലകളും തമ്മിലുള്ള ബിസിനസ് ബന്ധങ്ങൾ കൂടുതൽ ശക്തമാകാൻ പുതിയ പാത സഹായകമാകും. ഈ പുതിയ റോഡ് വന്നതോടെ കെമ്പഗൗഡ ലേഔട്ടിലെ എല്ലാ 9 സെക്ടറുകളിലേക്കും നേരിട്ടുള്ള കണക്റ്റിവിറ്റി ലഭ്യമാകും. കൂടാതെ കമ്പിപുര, കൊമ്മഘട്ട, കെഞ്ചനപുര തുടങ്ങിയ പ്രധാന പ്രദേശങ്ങളിലെ താമസക്കാർക്കും ഇത് വലിയ ആശ്വാസമാകും.
ബെംഗളൂരു ഉയരപ്പാതയ്ക്കടുത്ത് താമസിക്കുന്നവർ കൂടുതൽ നികുതി കൊടുക്കേണ്ടി വരുമോ? രാഷ്ട്രീയപ്പോരിനിടെ വിശദീകരണവുമായി ബി-സ്മൈൽ
ആധുനിക നഗരവികസന സമീപനങ്ങൾ പാലിച്ച് മികച്ച സുരക്ഷാ സംവിധാനങ്ങളോടെയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി പാതയിലുടനീളം പ്രത്യേകം തയ്യാറാക്കിയ 10 കിലോമീറ്റർ നീളമുള്ള സൈക്ലിംഗ് ട്രാക്കുണ്ട്. തടസ്സമില്ലാത്ത ഗതാഗതത്തിനായി 3 അണ്ടർപാസുകൾ നിർമിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം മൃഗങ്ങൾക്ക് സുരക്ഷിതമായി മുറിച്ചുകടക്കാനുള്ള അനിമൽ അണ്ടർപാസുകളാണ്. 11 പാലങ്ങളും 270 മീറ്റർ നീളമുള്ള ഒരു അത്യാധുനിക തുരങ്കവും ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്.

