KSDLIVENEWS

Real news for everyone

ഇറാന്‍ കടുപ്പിക്കുന്നു; 30 ദിവസം ഹോര്‍മുസില്‍ പൂര്‍ണ നിയന്ത്രണം, ഗള്‍ഫ് രാജ്യങ്ങളുമായി പുതിയ കരാര്‍

SHARE THIS ON

അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയായി ബഹ്‌റൈനിലും കുവൈത്തിലും ആക്രമണം നടത്തിയ ഇറാന്‍ നടപടികള്‍ ശക്തമാക്കുന്നു.

അടുത്ത 30 ദിവസം ഹോര്‍മുസ് പാതയുടെ സമ്പൂര്‍ണ നിയന്ത്രണം ഇറാന്‍ സൈന്യത്തിന് ആയിരിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. ഇറാഖില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോര്‍മുസ് പാത ഇറാന്റെ നിയന്ത്രണത്തില്‍ തുടരും. അടുത്ത 30 ദിവസം ഇതില്‍ മാറ്റമില്ല. എല്ലാ തടസങ്ങളും നീക്കിയ ശേഷം ഹോര്‍മുസിലൂടെ സ്വതന്ത്ര്യ യാത്ര സാധ്യമാകും. അമേരിക്കയുമായി തയ്യാറാക്കിയ ധാരണയില്‍ മാത്രമാണ് ഇറാന്‍ മുന്നോട്ട് പോകുന്നത്. ഏകപക്ഷീയമായ ഏതൊരു ഇടപെടലും സാഹചര്യം വഷളാക്കുമെന്ന് മാത്രമല്ല, ഹോര്‍മുസ് തുറക്കാന്‍ വൈകിപ്പിക്കുകയും ചെയ്യും- അരഗ്ചി പറഞ്ഞു.

അമേരിക്ക കരാര്‍ പാലിക്കാന്‍ തയ്യാറാകണം. ലബ്‌നാനുമായി ബന്ധപ്പെട്ട ധാരണ ലംഘിക്കാന്‍ പാടില്ല. ലബ്‌നാനില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. അമേരിക്ക ഉത്തരവാദിത്തം കാണിക്കണം. യുദ്ധം അവസാനിക്കണം എങ്കില്‍ ഇസ്രായേല്‍ ലബ്‌നാനില്‍ നടത്തുന്ന ആക്രമണം നിര്‍ത്തണം. നിയന്ത്രണത്തിലാക്കിയ ലബ്‌നാനിന്റെ ഭൂമി വിട്ടുകൊടുക്കാന്‍ ഇസ്രായേലിന് മേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തണം എന്നും അരഗ്ചി ആവശ്യപ്പെട്ടു.

ജിസിസി രാജ്യങ്ങളുമായി സുരക്ഷാ കരാര്‍

ജിസിസി രാജ്യങ്ങളുമായി സുരക്ഷാ ചട്ടക്കൂടി തയ്യാറാക്കേണ്ടതുണ്ട് എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും ഇറാന്‍ പുതിയ ധാരണ തയ്യാറാക്കും. മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടാകില്ലെന്നും അമേരിക്കയെ സൂചിപ്പിച്ച്‌ അരഗ്ചി മാധ്യമങ്ങളോട് പറഞ്ഞു. കുവൈത്തിനും ബഹ്‌റൈനിനും നേരെ ഇറാന്‍ ആക്രമണം നടത്തിയ ശേഷമാണ് അരഗ്ചി ഇക്കാര്യം പറഞ്ഞത്.

നിലവില്‍ അമേരിക്കയുമായി ജിസിസി രാജ്യങ്ങള്‍ക്ക് സുരക്ഷാ കരാറുണ്ട്. അമേരിക്കയെ മേഖലയില്‍ നിന്ന് പുറത്താക്കണം എന്നാണ് ഇറാന്റെ ആവശ്യം. പശ്ചിമേഷ്യയിലെ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് മേഖലയിലെ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കൂട്ടായ്മ വേണം എന്നും ഇറാന്‍ ആവശ്യപ്പെടുന്നു. യൂറോപ്യന്‍ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് നാറ്റോ സഖ്യമുള്ള പോലെയുള്ള ചട്ടക്കൂടാണ് ഇറാന്‍ ഉദ്ദേശിക്കുന്നത്.

ഖത്തറും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ ഇറാനുമായി വൈകാതെ സുരക്ഷാ കരാറില്‍ ഒപ്പുവയ്ക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. അമേരിക്കയുടെ സുരക്ഷയില്‍ ജിസിസി രാജ്യങ്ങള്‍ തൃപ്തരല്ല എന്നാല്‍ ഇതില്‍ നിന്ന് വ്യക്തമാകുന്നത്. യുദ്ധ വേളയില്‍ അമേരിക്കയുടെ സാന്നിധ്യം സഹായിച്ചില്ല എന്നാണ് ജിസിസി രാജ്യങ്ങളുടെ വിലയിരുത്തല്‍.

അമേരിക്ക ഇനിയും ആക്രമണം നടത്തിയാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. ശത്രുക്കളെ വിശ്വസിക്കാന്‍ പറ്റില്ല. ചര്‍ച്ചയുടെ ഘട്ടത്തില്‍ പോലും വിശ്വസിക്കരുത് എന്ന് ഐആര്‍ജിസി വക്താവ് ഹുസൈന്‍ മുഹിബി പറഞ്ഞു. ശത്രു ഏത് നീക്കം നടത്തിയാലും തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!