KSDLIVENEWS

Real news for everyone

30 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും സ്വയം പുറത്താക്കപ്പെടും; വിവാദ ഭരണഘടനാ ഭേദഗതിക്ക് പാർലമെന്ററി സമിതിയുടെ പിന്തുണ?

SHARE THIS ON

ന്യൂഡൽഹി: ഗുരുതരമായ ക്രിമിനൽ കേസുകളിൽ അറസ്റ്റിലായി തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും പദവി നഷ്ടമാകുന്ന രീതിയിലുള്ള വിവാദ ഭരണഘടനാ ഭേദഗതി നിർദ്ദേശത്തിന് പാർലമെന്ററി സമിതിയുടെ (Parliamentary panel) പിന്തുണ ലഭിച്ചേക്കുമെന്ന് സൂചനകൾ. ഇത് സംബന്ധിച്ച ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് ജോയിന്റ് പാർലമെന്ററി കമ്മിറ്റി (JPC) വരും ദിവസങ്ങളിൽ സമർപ്പിക്കുമെന്നാണ് വിവരം.

ഭരണഘടനയുടെ 130-ാം ഭേദഗതി ബില്ലിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഈ വ്യവസ്ഥ നിലനിർത്താൻ സമിതി അനുകൂലമാണെന്നാണ് വിവരങ്ങൾ. അതേസമയം രാഷ്ട്രീയ പ്രതികാര നടപടികൾക്കായി ഈ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള സുരക്ഷാ മാനദണ്ഡങ്ങളും സമിതി ശുപാർശ ചെയ്യും. പ്രത്യേകമായി നിർദ്ദേശിച്ചിട്ടുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ മാത്രമായി ഈ വ്യവസ്ഥ പരിമിതപ്പെടുത്താനും ഏകപക്ഷീയമായോ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയോ ഉള്ള അറസ്റ്റുകളിലൂടെ ഇത് പ്രയോഗിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കാനുള്ള പരിശോധനകൾ ഉൾപ്പെടുത്താനും പാനൽ നിർദ്ദേശിച്ചേക്കും.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലിലാണ് ഈ നിർദ്ദേശങ്ങളുള്ളത്. ഇതനുസരിച്ച് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ കേന്ദ്ര സംസ്ഥാന മന്ത്രിമാരോ അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെടുകയും തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിയുകയും ചെയ്താൽ 31-ാം ദിവസം അവർ പദവിയിൽ നിന്ന് സ്വയമേവ പുറത്താകും. പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും കാര്യത്തിൽ രാഷ്ട്രപതിയും മുഖ്യമന്ത്രിമാരുടെയും സംസ്ഥാന മന്ത്രിമാരുടെയും കാര്യത്തിൽ ഗവർണർമാരും ഈ നീക്കം ചെയ്യൽ ഔദ്യോഗികമായി നടപ്പിലാക്കും.

നിലവിലെ ഭരണഘടനാ ചട്ടക്കൂടിൽ നിന്ന് വലിയൊരു മാറ്റമായിരിക്കും ഈ ഭേദഗതി. നിലവിൽ മന്ത്രിമാർ രാജി വെയ്ക്കുകയോ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ നിർദ്ദേശപ്രകാരം പുറത്താക്കപ്പെടുകയോ അല്ലെങ്കിൽ നിലവിലുള്ള നിയമപ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുകയോ ചെയ്യുമ്പോൾ മാത്രമാണ് പദവി ഒഴിയുന്നത്. എന്നാൽ പുതിയ ഭേദഗതി നടപ്പിലായാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിന് മുൻപ് തന്നെ നീണ്ടുനിൽക്കുന്ന കസ്റ്റഡി കാലാവധി പദവി ഒഴിഞ്ഞുപോകാനുള്ള കാരണമായി മാറും. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇരുസഭകളും ആവശ്യമായ ഭരണഘടനാ ഭൂരിപക്ഷത്തോടെ പാസാക്കിയാൽ മാത്രമേ ഈ നിർദ്ദേശം നിയമമായി മാറുകയുള്ളൂ.

പ്രതിപക്ഷ പാർട്ടികൾ ഈ നിർദ്ദേശത്തെ ശക്തമായി എതിർത്തിട്ടുണ്ട്. നീക്കം ഭരണഘടനാ വിരുദ്ധവും, ഫെഡറൽ വിരുദ്ധവും, സ്വാഭാവിക നീതിയുടെ തത്വത്തിന് വിരുദ്ധവുമാണെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതിന് മുമ്പ് ശിക്ഷിക്കാൻ ഇത് വഴിയൊരുക്കുമെന്നും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വയ്ക്കാൻ ദുരുപയോഗം ചെയ്യപ്പെടാമെന്നും പ്രതിപക്ഷം വാദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!