KSDLIVENEWS

Real news for everyone

BJP ഭരിക്കുമ്പോൾ കിട്ടുന്ന പരിഗണന അദാനിക്ക് കേരളത്തിൽ എങ്ങനെ കിട്ടി; AICC തന്നെ ചോദിക്കുന്നു-പിണറായി

SHARE THIS ON

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ അദാനി കമ്പനിയുടെ ഓഹരി ഇടപാടുമായി ബന്ധപ്പെട്ട് സെബിക്കും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികാരികൾക്കും കത്തയച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകളോ ജാഗ്രതയോ ഇല്ലാത്തത് കൊണ്ടാണ് താൻ കത്തയച്ചതെന്നും പിണറായി പറഞ്ഞു.

സംസ്ഥാന സർക്കാരുമായി നേരത്തെ അദാനിഗ്രൂപ്പ് ഉണ്ടാക്കിയ കരാറിൽ ഉടമസ്ഥാവകാശം മാറുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന് വ്യവസ്ഥയുണ്ട്. ഓഹരി കൈമാറുന്ന കാര്യത്തിലും സമാനമായ നിയന്ത്രണമുണ്ട്. ഒറ്റയ്‌ക്കോ കൂട്ടായോ 25 ശതമാനത്തിന് മുകളിൽ ആർക്കെങ്കിലും ഓഹരി കൈമാറുന്നതിന് മുൻകൂർ അനുമതിവേണം. എന്നാൽ ഓഹരികൈമാറ്റം സംബന്ധിച്ച കരാറിലേർപ്പെട്ടതായി അദാനി ഗ്രൂപ്പ് സെബിയെ അറിയിക്കുയും ചെയ്തിട്ടുണ്ട്. സർക്കാരിനെ അറിയിക്കുകയും ചെയ്തിട്ടില്ല. ഇത് കരാർ വ്യവസ്ഥകളുടെ ലംഘനമാണ്. കൂടാതെ അദാനി ഗ്രൂപ്പ് സെബിക്ക് നൽകിയ അപേക്ഷ മാനദണ്ഡങ്ങൾ പാലിച്ചുള്ളതുമല്ല. ദേശീയ സുരക്ഷയും പൊതുതാത്പര്യവും മാനിച്ച് മാത്രമേ അനുമതി നൽകാവൂ എന്നാണ് മാനദണ്ഡം. ഇത്തരത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ഓഹരി കൈമാറ്റത്തിന് അപേക്ഷിച്ച അദാനി ഗ്രൂപ്പിനോട് വിശദീകരണം തേടണമെന്നാണ് താൻ അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൂടാതെ മേൽനടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ചട്ടങ്ങൾ പാലിച്ചാൽ അദാനി ഗ്രൂപ്പിന്റെ ആവശ്യം നിലനിൽക്കില്ല. സംസ്ഥാന സർക്കാർ അദാനി ഗ്രൂപ്പിനെ സഹായിക്കാൻ വഴിവിട്ട സഹായം നൽകുമോ എന്നതാണ് ഇനിയറിയാനുള്ളതെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അദാനി കമ്പനിയുടെ 49 ശതമാനം ഓഹരി എംഎസ്‌സിക്ക് കൈമാറുന്ന വിവരം ജൂൺ 30നാണ് പുറത്ത് വന്നത്. 29ന് അദാനിഗ്രൂപ്പ് സെബിക്ക് ഓഹരി കൈമാറ്റത്തിന് കത്ത് നൽകിയിട്ടുണ്ട്. വിവരം പുറത്ത് വന്നയുടനെ നിയമസഭയിൽ പ്രശ്‌നം പ്രത്യേകമായി ഉന്നയിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി പറഞ്ഞത്, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ്. കരാറിലെ നഗ്നമായ ലംഘനം നടന്നിട്ട് മുഖ്യമന്ത്രിയും സർക്കാരും അറിഞ്ഞിട്ടില്ലെന്ന് പറയുന്നു.

മുഖ്യമന്ത്രിയാണ് നിയമവും പോർട്ടും ധനകാര്യവും കൈകാര്യം ചെയ്യുന്നത്. കാര്യങ്ങൾ വളരെ ലാഘവത്തോടെയാണ് മുഖ്യമന്ത്രി സമീപിച്ചത്. ഗുരുതരമായ കരാർ ലംഘനാണ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സർക്കാർ സെബിയെ സമീപിക്കണം. നിയമോപദേശം തേടിയിട്ടുമില്ല. ഒരുതരം ദുരൂഹത ഇതിനകത്ത് കാണാൻ കഴിയും. സംസ്ഥാന സർക്കാരിന് ഒരു വിലയും കൽപ്പിക്കാതെ ഒരു കമ്പനിക്ക് തോന്നുന്ന പോലെ കാര്യങ്ങൾ ചെയ്യാൻ കഴിയുമോ. എവിടെനിന്നാണ് അവർക്ക് ഈ ധൈര്യം ലഭിച്ചത്. വിഴിഞ്ഞം പോർട്ട് സംസ്ഥാനത്തിന്റെ വളരെ പ്രധാനപ്പെട്ട സ്വപ്‌ന പദ്ധതിയാണ്. അതിൽ സംസ്ഥാന സർക്കാർ പണം നിക്ഷേപിച്ചിട്ടുണ്ട്. അത് ജനങ്ങളുടെ നികുതിപ്പണമാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

അദാനി-മോദി കൂട്ടുക്കെട്ടിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായി പ്രതികരിച്ചത് രാഹുൽ ഗാന്ധിയാണ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഇക്കാര്യത്തിൽ പ്രതികരിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അദാനിക്ക് തോന്നിയ പോലെ ചെയ്യാനാകുക എന്നാണ് വേണുഗോപാൽ പറഞ്ഞത്. പക്ഷേ എങ്ങനെയാണ് ബിജെപി ഭരിക്കുന്നത് പോലെയുള്ള ഒരു പരിഗണന കേരളത്തിൽ അദാനി ഗ്രൂപ്പിന് ലഭിച്ചത്. കോൺഗ്രസ് നേതൃത്വത്തിനും സംശയമുണ്ട്.

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണ് വിഴിഞ്ഞം കോർപ്പറേറ്റുകൾക്ക് അടിയറവെക്കാനുള്ള നീക്കങ്ങളാണ് ഉണ്ടാകുന്നത്. പ്രതിപക്ഷം ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. അദാനിയുടെ വക്താവായി മാറുന്ന നില ഉപേക്ഷിച്ച് സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാനുള്ള അടിയന്തര നടപടികളിലേക്ക് സർക്കാർ കടക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

error: Content is protected !!