കാസർകോട് 7 വരെ മഴ തുടരും; ഉദ്യോഗസ്ഥർ ഏത് സാഹചര്യം നേരിടാനും തയാറായിരിക്കണമെന്ന് കലക്ടർ

കാസർകോട്: ജില്ലയിലടക്കം സംസ്ഥാനത്തെ വിവിധയിടങ്ങളിൽ 7 വരെ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ്. കാസർകോട് ജില്ലയിൽ വെള്ളിയാഴ്ച ഉച്ചയോടെയും 3 മണിക്കൂർ മഴയുടെ ഓറഞ്ച് അലർട്ട് നൽകിയിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടൽ ന്യൂനമർദം, അറബിക്കടൽ തീരദേശ ന്യൂനമർദ പാത്തി എന്നിവയുടെ സ്വാധീനമാണ് മഴയ്ക്കു കാരണം.
വെള്ളിയാഴ്ച ജില്ലയുടെ വിവിധയിടങ്ങളിൽ കാര്യമായ മഴ ലഭിച്ചു. അവസാനം ലഭിച്ച കണക്കുകൾ പ്രകാരം ബായാർ (38.5 മില്ലിമീറ്റർ), എരിക്കുളം (30 മില്ലിമീറ്റർ), പിലിക്കോട് (30 മില്ലിമീറ്റർ), പടന്നക്കാട് (30 മില്ലിമീറ്റർ) എന്നിങ്ങനെയാണ് കൂടുതൽ മഴ ലഭിച്ച സ്ഥലങ്ങൾ. കഴിഞ്ഞ ദിവസം മുതൽ ഇന്നലെ രാവിലെ 8.30 വരെയുള്ള കണക്കു പ്രകാരം പാണത്തൂർ (59 മില്ലിമീറ്റർ), മുളിയാർ (36 മില്ലിമീറ്റർ) എന്നിവിടങ്ങളിലും മികച്ച മഴ ലഭിച്ചു. എന്നാൽ, ഈ മാസം പൊതുവേ മഴ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.
ഏത് സാഹചര്യം നേരിടാനും തയാറായിരിക്കണം
കാസർകോട് ∙ കാലവർഷവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർ ഏത് സാഹചര്യവും നേരിടാൻ എപ്പോഴും തയാറായിരിക്കണമെന്നും അപകടങ്ങൾ ഉണ്ടായാൽ ഉടൻ ഇടപെട്ട് എത്രയും വേഗത്തിൽ നഷ്ടപരിപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടർ.
ക്യാംപുകൾ സജ്ജീകരിക്കേണ്ട അവസ്ഥ മുന്നിൽ കണ്ട് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണം. ജില്ലയിൽ ഇതുവരെ 3 വീടുകൾ പൂർണമായും 10 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. കാസർകോട് താലൂക്കിൽ 2 കുട്ടികൾ മതിൽ ഇടിഞ്ഞ് വീണ് മരിച്ചു. ജില്ലയിലെ ചന്ദ്രഗിരി പുഴയിൽ ജലനിരപ്പ് ഉയരുന്നതായി ജൂലൈ 2ന് 12നു കേന്ദ്ര ജല കമ്മിഷൻ അറിയിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ ഫയർ ഓഫിസർ അറിയിച്ചു.എഡിഎം പി.ഉദയകുമാർ ജില്ലയിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. തഹസിൽദാർമാരായ പ്രേംരാജ്, വി.ശ്രീകുമാർ, കെ.രമേശൻ, കെ.ബി.രാമു, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

