ആരിക്കാടി ടോൾ പ്ലാസ പൊളിക്കാൻ നടപടി തുടങ്ങി; ചെലവുകണക്കും സാങ്കേതിക നിർദേശവും സമർപ്പിക്കാൻ നിർമാണക്കമ്പനിക്ക് നിർദേശം

കുമ്പള: ദേശീയപാത കുമ്പള ആരിക്കാടിയിലെ താൽക്കാലിക ടോൾ പ്ലാസ പൊളിക്കാനുള്ള നടപടികൾ തുടങ്ങിയതായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. ഇതിനായി ടോൾ പ്ലാസ പൊളിച്ചു നീക്കാനുള്ള വിശദമായ ചെലവുകണക്കും സാങ്കേതിക നിർദേശവും സമർപ്പിക്കാൻ നിർമാണ പ്രവൃത്തി ഏറ്റെടുത്ത കമ്പനിക്ക് നിർദേശം നൽകിയതായി എൻഎച്ച്എഐയുടെ കണ്ണൂർ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് അറിയിച്ചു.
കുമ്പള സ്വദേശി അബ്ദുൽഖാദർ ഫിർഷാദ് കോട്ട കേന്ദ്ര പൊതുപരാതി പരിഹാര പോർട്ടലായ സിപിജിആർഎഎംഎസ് (CPGRAMS) മുഖേന നൽകിയ പരാതിയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുമ്പള താൽക്കാലിക ടോൾ പ്ലാസയ്ക്ക് സമീപമുള്ള ഹംപുകളും റോഡ് ഡിവൈഡറുകളും നീക്കം ചെയ്യുന്നത് ഉടൻ സാധ്യമല്ലെന്നും, അതിനാവശ്യമായ ചെലവുകണക്ക് സമർപ്പിക്കുകയും ബന്ധപ്പെട്ട അധികാരികളുടെ അനുമതി ലഭിക്കുകയും ചെയ്തതിന് ശേഷമേ ആ നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നും എൻഎച്ച്എഐ അറിയിച്ചു.
ജൂലൈ ഒന്നിനു പുറത്തിറക്കിയ ഔദ്യോഗിക മറുപടിക്കത്തിൽ, ടോൾ പ്ലാസ പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ആവശ്യമായ ഭരണ-സാങ്കേതിക അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും എൻഎച്ച്എഐ കണ്ണൂർ പ്രോജക്ട് ഡയറക്ടർ ഉമേഷ് കെ.ഗാർഗ് വ്യക്തമാക്കി. കുമ്പള ടോൾ പ്ലാസ പ്രവർത്തനം അവസാനിപ്പിച്ച ശേഷവും അവശേഷിക്കുന്ന ഹംപുകളും ഡിവൈഡറുകളും വാഹനയാത്രക്കാർക്ക് പ്രയാസവും അപകടസാധ്യതയും സൃഷ്ടിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്. എൻഎച്ച്എഐയുടെ പുതിയ മറുപടിയോടെ ടോൾ പ്ലാസയുടെ പൂർണമായ പൊളിച്ചുനീക്കലിനും തടസ്സങ്ങൾ നീക്കുന്നതിനുമുള്ള നടപടികളായി.

