KSDLIVENEWS

Real news for everyone

ക്ലാസ്സിൽ ശ്രദ്ധിക്കുന്നില്ല! ചൂരലടിയേറ്റ് വിദ്യാർഥിനിയുടെ കയ്യിലെ എല്ല് പൊട്ടി; അധ്യാപകനെതിരെ കേസ്

SHARE THIS ON

മലപ്പുറം: കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ച് കൈ തല്ലിയൊടിച്ചതായി പരാതി. സംഭവത്തിൽ വടകര സ്വദേശിയായ അധ്യാപകൻ ബെൽരാജിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചാണ് പത്തു വയസ്സുകാരിയെ അധ്യാപകൻ ചൂരൽ കൊണ്ട് അടിച്ചത്. അടിയേറ്റ് കുട്ടിയുടെ കയ്യിലെ എല്ല് പൊട്ടുകയായിരുന്നുവെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.

പനിയെ തുടർന്ന് ഏതാനും ദിവസത്തെ അവധിക്ക് ശേഷം സ്കൂളിലെത്തിയ ആദ്യ ദിവസമാണ് കുട്ടിക്ക് ഈ ദുരനുഭവം ഉണ്ടായത്. ക്ലാസിൽ ശ്രദ്ധിക്കാത്തതിന് പിറകിലൂടെ എത്തി ചൂരൽ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. അടി കിട്ടിയ സമയത്ത് കൈക്ക് നല്ല വേദനയുണ്ടെന്ന് അധ്യാപകനോട് പറഞ്ഞിട്ടും, ആ കൈകൊണ്ട് തന്നെ നിർബന്ധിച്ച് എഴുതിപ്പിച്ചതായും കുട്ടി മൊഴി നൽകിയിട്ടുണ്ട്. ആൺകുട്ടികളെയും പെൺകുട്ടികളെയും അധ്യാപകൻ ക്രൂരമായി അടിക്കാറുണ്ടെന്നും കുട്ടി വെളിപ്പെടുത്തി.

ഉച്ചയോടെ അധ്യാപകൻ തന്നെയാണ് കുട്ടിയെ വീട്ടിലെത്തിച്ചത്. കുട്ടി ക്ലാസിൽ ശ്രദ്ധിക്കാത്തതിന് ശിക്ഷിച്ചപ്പോൾ തുടങ്ങിയ കരച്ചിലാണെന്നും അല്ലാതെ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് അധ്യാപകൻ വീട്ടുകാരോട് പറഞ്ഞത്. എന്നാൽ കുട്ടിയുടെ കയ്യിൽ അമിതമായ വീക്കവും കരിവാളിപ്പും കണ്ടതിനെ തുടർന്ന് വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ നടത്തിയ എക്സ്-റേ പരിശോധനയിലാണ് കയ്യിലെ എല്ലിന് പൊട്ടലുള്ളതായി ഡോക്ടർമാർ സ്ഥിരീകരിച്ചത്.

സംഭവത്തിൽ പോലീസിനെ കൂടാതെ ബാലാവകാശ കമ്മിഷനിലും കുടുംബം പരാതി നൽകിയിട്ടുണ്ട്. പരിക്കേറ്റ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വടകര സ്വദേശിയായ അധ്യാപകനെതിരെ പോലീസ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!